എന്താണ് ക്ഷേത്രം
ഈശ്വര ശക്തിയെ തളം കെട്ടി നിർത്തി അത് ഭക്തൻമാരിലേക്ക് പ്രവഹിപ്പിക്കുന്നതിനുള്ള ഒരു താന്ത്രിക സംവിധാനമാണ് ക്ഷേത്രം.            ക്ഷതാൽത്രായതേഇതിക്ഷേത എന്നു പറഞ്ഞാൽ ക്ഷതം എന്നാൽ മുറിവ്, വേദന, ക്ഷീണം, ഹാനി എന്നെല്ലാം ഈ വാക്കിന് അർത്ഥമുണ്ട്.മേൽ പറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം നമ്മെ ത്രാണനം ചെയ്യിപ്പിക്കുന്ന (മോചിപ്പിക്കുന്ന) ഋഷി പ്രോക്ത സംവിധാനമാണ് ക്ഷേത്രം.
ക്ഷേത്ര നിർമ്മാണത്തിന് പറ്റിയ ഭൂമി
പശുക്കൾക്കും മൃഗങ്ങൾക്കും പ്രയോജനകരമായ ഫലങ്ങളും പുഷ്പങ്ങളും ഉണ്ടാകുന്ന പാൽ വൃക്ഷങ്ങൾ ഉള്ളതും നിരപ്പുള്ളതും കിഴക്കോട്ട് ചരിഞ്ഞതും മിനുത്ത മണ്ണുള്ളതും ചവിട്ടിയാൽ ഗംഭീര ശബ്ദം കേൾക്കുന്നതും പ്രദക്ഷിണമായി ജലം ഒഴുകുന്നതും വിത്തുകൾ നട്ടാൽ പെട്ടെന്ന് മുളയ്ക്കുന്നതും ഒരു കുഴി താഴ്ത്തി അതിലെ മണ്ണ് മാറ്റി അതിൽ തന്നെയിട്ടടച്ചാൽ മണ്ണ് ബാക്കി വരുന്നതും വറ്റാത്ത നീരുറവ ഉള്ളതും ശീതോക്ഷണസ്ഥിതി തുല്യമായതും ക്ഷേത്രനിർമ്മാണത്തിന് പറ്റിയ ഭൂമിയാണ്.
സുപത്മ
കർപ്പൂരം, അകിൽ, തെങ്ങ്, എള്ള്, ദർഭ, കടമ്പ് ,മരുത്,ചന്ദനം, കവുങ്ങ്, കരിമ്പ്, പൂക്കൈത,കൂശ, മുല്ല, താമര, കരിങ്കൂവളം  ഇവയിൽ ഏതെങ്കിലും വളർന്ന് നില്ക്കുന്ന ഭൂമിയും വടക്കോട്ടും, കിഴക്കോട്ടും ചരിഞ്ഞതും ജലസമൃദ്ധിയുള്ളതുമായ ഭൂമിയാണ് സുപത്മ.
ചൂർണ്ണ
ഇത്തി, പേരാൽ, വേപ്പ്, മരുത്, പൂവിലഞ്ഞി, മുതിര,വെണ്ട, അശോകം, കൂവര, കൊഴിഞ്ഞിൽ, മുല്ല, ചെമ്പകം, കരിങ്ങാലി, മരുത് ഇവയുള്ളതും
 പർവ്വതശിഖരത്തിലോ താഴ്വരയിലോ, ഉള്ളതും ജലം കുറഞ്ഞതുമായ ഭുമിയാണ് ചൂർണ്ണ.
ധുമ്ര
എരിക്ക്, മുള, താന്നി, നറുവരി, കാപ്പിച്ചെടി ഇവയുള്ളതും കടുപ്പമുള്ള മണ്ണുള്ളതും പ്രാണികൾ നിറഞ്ഞ പോരുള്ളതും കഴുകൻ, പരുന്ത്, കാക്ക, കുറുക്കൻ, കുരങ്ങൻ ഇവയുള്ളതുമായ ഭൂമിയാണ് ധുമ്ര.ഇങ്ങനെ ഭൂമികൾ നാലുവിധത്തിലുണ്ട്, ധുമ്ര ഒഴികെയുള്ള  ഭൂമി ദേവ പ്രതിഷ്ഠക്ക് എടുക്കാവുന്നതാണ്.
ക്ഷേത്രം പണിയുവാൻ ദിക്ക് നിർണ്ണയിക്കുന്നതെങ്ങനെ?
ക്ഷേത്രം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ മധ്യഭാഗത്തായി ഏതാണ്ട് ഒരു ദണ്ഡ് സ്ഥലം നിരപ്പാക്കി തുടച്ചൊതുക്കി നടുവിൽ ഏകദേശം അരകോൽ നീളമുള്ള കുറ്റി നാട്ടുക.ഈ കുറ്റി കേന്ദ്രമാക്കി ഒരു കോൽ  വ്യാസാർദ്ധത്തിൽ ഒരു വൃത്തം വരയ്ക്കുക.അതിരാവിലെ കുറ്റിയുടെ നിഴൽ പരിശോധിച്ചാൽ പടിഞ്ഞാറോട്ടായിരിക്കും, സൂര്യൻ ഉദിച്ചുയരുന്നതനുസരിച്ച്  നിഴലിൻ്റെ നീളം കുറഞ്ഞുവരുന്നു.നിഴലിൻ്റെ അഗ്രം വൃത്ത പരിധിയിൽ സ്പർശിക്കുന്നിടത്ത് അടയാളമിടുക ,വൈകിട്ട് നിഴൽ കിഴക്കോട്ടായിരിക്കും.കിഴക്കു വശത്തും കുറ്റിയുടെ നിഴൽ പരിധിയിൽ അടയാളപ്പെടുത്തുക.രാവിലെ വീണ്ടും പടിഞ്ഞാറ് അടയാളമിടുക,സൂര്യൻ ഉത്തരായനത്തിൽ വടക്കോട്ടു നീങ്ങുമ്പോൾ  നിഴൽ വടക്കോട്ടു നീങ്ങും. അങ്ങനെ പടിഞ്ഞാറു വശത്ത് രണ്ടടയാളം കിട്ടുന്നു.ഇതിനെ മൂന്നായി തിരിക്കുക.
ആദ്യത്തെ ദിവസം
ആദ്യദിവസത്തെ അടയാളത്തിനടുത്ത  അടയാളവും കിഴക്കേതും തമ്മിൽ  ഒരു നേർരേഖ വരച്ചാൽ കൃത്യം ഇത് ഭൂമി ശാസ്ത്രപരമായ കിഴക്ക് പടിഞ്ഞാറായിരിക്കും.പടിഞ്ഞാറും കിഴക്കും ലഭിച്ച ബിന്ദുക്കൾ കേന്ദ്രമാക്കി അല്പം വലിയ രണ്ടു വൃത്തങ്ങൾ വരച്ചാൽ ഇവ രണ്ടും ചേർന്ന് ഒരു മത്സ്യാകൃതി കിട്ടും.ഈ ബിന്ദുക്കളെ യോജിപ്പിച്ചാൽ തെക്കും വടക്കും കിട്ടുന്നു.ഇപ്രകാരം ക്ഷേത്രം പണിക്കുളള ദിക് നിർണ്ണയിക്കാം.
ക്ഷേത്രനിർമ്മാണം എങ്ങനെ?
ആചാര്യൻ, ശില്പി ,പരികർമ്മികൾ, ക്ഷേത്ര നിർമ്മാതാവ് തുടങ്ങിയവർ ഭൂമിയിൽ സുദിനത്തിൽ ക്ഷേത്രം പണിയാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ പ്രവേശിക്കണം.പുന്നമരത്തിൻ്റെ അഞ്ച് കുറ്റികൾ ഉണ്ടാക്കി ഒന്ന് നടുക്ക് നാലു മൂലകളിൽ ഓരോന്ന് ഇങ്ങനെ തറയ്ക്കുന്നു.ഇതിൽ മുപ്പിരിയായ നൂൽ രണ്ടുനിര ചുറ്റുന്നു. എല്ലാ കുറ്റിയിലും ചുറ്റിക്കഴിഞ്ഞാൽ വാസ്തു ഹോമാദികൾ സഹിതം ക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി എറ്റെടുക്കുന്നു.
വൃക്ഷ പൂജ
ക്ഷേത്ര ഭൂമിയിലെവൃക്ഷങ്ങൾക്ക് പൂജ ചെയ്ത് അവയുടെ അനുവാദം വാങ്ങി അസ്ത്ര മന്ത്രം കൊണ്ട് ശുദ്ധീകരിച്ച് വച്ചിട്ടുള്ള ആയുധമുപയോഗിച്ച്  ആദ്യം ആചാര്യനും തുടർന്ന് മറ്റുള്ളവരും വെട്ടിമാറ്റുന്നു.
ഗണേശബ്രഹ്മവീഥി
വാസ്തുമദ്ധ്യം ഒഴിവാക്കി മുൻ വശത്ത് അല്പം കൂടുതൽ സ്ഥലം  ലഭിക്കത്തക്കവണ്ണം ഗണേശ ബ്രഹ്മ വീഥിയിൽ എവിടെയെങ്കിലും  ശ്രീകോവിൽ വരത്തക്കവണ്ണം സ്ഥാനനിർണ്ണയം ചെയ്യുന്നു.

ക്ഷേത്ര നിർമ്മാണം 
                                 തുടരും ...:............