സാധാരണയായി ഉപയോഗിക്കുന്ന വാക്ക് "കൂടോത്രം"
സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന വാക്കാണ് "കൂടോത്രം". എന്നാൽ ഈ വാക്കിൻ്റെ അർത്ഥം പോലും അറിയാതെയാണ് ഈ വാക്ക് ഉപയോഗിക്കുന്നത് എന്നതാണ് സത്യം. ഗൂഢ സൂത്രം എന്ന വാക്കിൻ്റെ നാടൻ പ്രയോഗമാണ് "കൂടോത്രം".  അതായത് രഹസ്യമായി ചെയ്യപ്പെടുന്നത് എന്നു സാരം. ഇപ്പോൾ ആധുനികവത്ക്കരിച്ച് ആഭിചാര പ്രയോഗമെന്നും പറയാറുണ്ട്.

യഥാർത്ഥത്തിൽ എന്താണ് കൂടോത്രം?
പറഞ്ഞു പരത്തിയ ഒരു വാക്ക് എന്നതിലപ്പുറം ഇതിന് യാതൊരു വിധ അടിസ്ഥാനവുമില്ല. കാരണം അഥർവ്വവേദ പ്രകാരം മാന്ത്രികം പഠിച്ച് പൂർണ്ണമായി പ്രാവർത്തികമാക്കാൻ കഴിവുള്ള ഉപാസന ബലമുള്ളവർ ഈ ആധുനിക ലോകത്ത് ഇല്ല എന്നതാണ് സത്യം.

തന്ത്ര ഗ്രന്ഥം
മനുഷ്യ ശക്തിയെ അതിജീവിച്ച് വന്നു ചേരുന്ന അനുഭവങ്ങളെ ദൈവ ഗത്യ അങ്ങനെ വന്നു ഭവിച്ചുവെന്ന് ഭൂരിഭാഗം ആളുകളും പറഞ്ഞു വരുന്നു. ചിലർ ആ വിശ്വാസത്തെ തള്ളി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇന്നും വിശ്വാസികൾ തന്നെ. മന്ത്രോപാസന വിധി,പുരശ്വരണ വിധി, യന്ത്രലേഖന വിധി, പ്രയോഗ വിധി ഇങ്ങനെ നാല് ഭാഗങ്ങൾ കൂടിയതാണ് ഒരു തന്ത്ര ഗ്രന്ഥം. ഇതിൽ പറയുന്ന ഷഡ്ക്കർമ്മങ്ങളാണ് ശാന്തി,വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം,  മാരണം തുടങ്ങിയ സാത്വിക കർമ്മങ്ങൾ. ഈ കർമ്മങ്ങൾ കേവലം ഏഴോ എട്ടോ വർഷം കൊണ്ട് സ്വയത്തമാക്കിയെന്നു പറയുന്നതിൽ അർത്ഥമില്ല. അതു കൊണ്ടു തന്നെ എന്തെങ്കിലും പ്രതിസന്ധികൾ വന്നാലുടൻ കൂടോത്രമാണെന്ന് പറയുന്നതിൽ യാതൊരു വിധ അടിസ്ഥാനവുമില്ല.

ശാന്തി കർമ്മങ്ങൾ
ശാന്തി കർമ്മങ്ങളെന്നാൽ ഭയം, രോഗം, ദാരിദ്ര്യം, ആഭിചാര ദോഷം ,ബാധകളിൽ (പ്രേതം) നിന്നുണ്ടാവുന്ന ഉപദ്രവങ്ങൾ എന്നിത്യാദികളുടെ ശമനവും പാപ മോചനവുമെന്ന് തന്ത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ആധുനിക ശാസ്ത്രം
പ്രകൃതിയിൽ നടക്കുന്ന ദുരന്തങ്ങൾ          ( പ്രകൃതി ദുരന്തങ്ങൾ ) കാലാവസ്ഥക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങൾ തുടങ്ങിയവയൊക്കെ മുൻകൂട്ടി മനസ്സിലാക്കാൻ ഇന്ന് ശാസ്ത്രം വളർന്നിരിക്കുന്നു. എങ്കിലും ആധുനിക വൈദ്യ ശാസ്ത്രത്തിനു പോലും കണ്ടു പിടിക്കാൻ കഴിയാത്ത ചില രോഗാവസ്ഥകൾ ഇന്നും മനുഷ്യനെ അലട്ടി കൊണ്ടിരിക്കുന്നു. കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാൽ  പ്രകൃതി ശക്തിയെ പൂർണ്ണമായി നിലക്കു നിർത്താൻ ഒരു ശാസ്ത്രത്തിനും പൂർണ്ണമായി കഴിഞ്ഞിട്ടില്ല.

ഈശ്വര ഭജനം
അർപ്പണ മനോഭാവത്തോടെയുള്ള ഈശ്വരഭജനം എല്ലാം പ്രശ്നങ്ങൾക്കും പരിഹാരമാണ്. നാം കർമ്മം ചെയ്യുന്നു. ഈശ്വരൻ പ്രസാദിക്കുന്നു. അതിൽ നിന്നും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു. ഫലം നമ്മൾ അനുഭവിക്കുന്നു.

ഒരു ദൈവിക ശക്തി
ഏതോ ഒരു ദൈവിക ശക്തി എൻ്റെ ഹൃദയത്തിലുണ്ട്. അത് ഏതാണെന്ന് എനിക്കറിയില്ല. ആ ദേവൻ്റെ കല്പന അന്തരാത്മാവിൽ പ്രകാശിക്കുന്നു. ആ കല്പന ഏതോ അതനുസരിച്ച് ഞാൻ ഓരോന്നു ചെയ്യുന്നു. ഇപ്രകാരം മനസ്സിൽ ഉറപ്പിക്കാൻ കഴിഞ്ഞാൽ നമുക്ക് ഹിതാഹിതങ്ങളറിഞ്ഞ് ഏതൊരു ഫലമാണോ അപ്പപ്പോൾ അനുഭവ യോഗ്യമാകേണ്ടത് അതാതിനനുസരിച്ച് പ്രവൃത്തികൾ നമ്മെക്കൊണ്ട് ഈശ്വരൻ ചെയ്യിപ്പിക്കും. ഇതാണ് ഈശ്വര ഭജനം കൊണ്ടു ഉണ്ടാകുന്ന ഫലം.

കലിയുഗം
ഇത് കലിയുഗമാണ്. പകയും വിദ്വേഷവും അസൂയയും അന്യസ്പർദ്ധയും കൊണ്ട് ലോകമാകെ കലുഷിതമായിരിക്കുകയാണ്. ഇവിടെ സ്വന്തമില്ല ബന്ധമില്ല ആർക്കും ആരോടും സ്നേഹമോ ബഹുമാനമോ പ്രതിപത്തിയോ ഉണ്ടാവുകയില്ല. ഉള്ളിൻ്റെയുള്ളിലെ വിഷചിരി കൊണ്ട് മൂടുന്നവരാണ് പലരും. പ്രാർത്ഥിക്കുക വിശ്വാസത്തോടെ ഭജിക്കുക ,വന്നു ഭവിച്ചിട്ടുള്ള ദോഷങ്ങളകലുന്നതിന് പ്രതിവിധികൾ ചെയ്യുക. വരാതിരിക്കുവാൻ വേണ്ടി ഈശ്വര സമർപ്പണത്തോടെ പ്രാർത്ഥിക്കക.

മന്ത്ര പ്രയോഗങ്ങളിൽ പ്രാധാന്യം ധ്യാനത്തിനാകുന്നു
മന്തോപാസനയും പൂജാദികളും ധ്യാനവും എന്നും മുടക്കം കൂടാതെ ചെയ്തു കൊണ്ടിരുന്നാൽ മനസ്സിൽ ആ ചിന്ത ദൃഢമായി വരികയും വിട്ടകന്നു പോകാതിരിക്കുകയും ഏത് പ്രവൃത്തി ചെയ്യുന്നതും ഈശ്വര പ്രേരണയാൽ ചെയ്യുന്നതാണെന്നും അതിനുത്തരവാദി ഈശ്വരനാണെന്നും താനല്ലെന്നും ദൃഢമായ തോന്നലുളവാകുകയും ചെയ്യും. അത് ഈശ്വര ഭജനത്തിൻ്റെ ഫലമാണ്. അതു തന്നെയാണ് സിദ്ധിയും. അപ്പോൾ മന്ത്രോപാസാനാദികളെ കൊണ്ടുണ്ടാകുന്ന സിദ്ധിയുടെ താൻ മന്ത്ര മൂർത്തിയാവുകയാണ്.

പരമമായ സിദ്ധി
ഈശ്വര താദാത്മ്യമാണ് പരമമായ സിദ്ധി. നമ്മൾ കർമ്മം ചെയ്യുന്നു, ഈശ്വരൻ സന്തോഷിക്കുന്നു അതിൽ നിന്ന് ഈശ്വരാനുഗ്രഹം ഉണ്ടാവുന്നു. ഫലം നാം അനുഭവിക്കുന്നു. അപ്പോൾ ഫലാനുഭവത്തിനു കാരണം ഈശ്വര പ്രീതിയും ഈശ്വര പ്രീതിക്കു കാരണം നമ്മുടെ കർമ്മങ്ങളുമാകുന്നു.