പിറന്നാൾ (Birth day) അറിയാൻ
പിറവിയുടെ നാൾ തന്നെ പിറന്നാൾ. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ് ഓരോ പിറന്നാളും. കഴിഞ്ഞു പോയ വർഷങ്ങളെക്കുറിച്ച് ഓർമിക്കാനും വരാനിരിക്കുന്ന വർഷങ്ങൾക്കായി നമ്മെ ഒരുക്കാനുമൊരു വേള.

പിറന്നാൾ കണക്കാക്കുന്ന വിധം
പിറന്നാൾ കണക്കാക്കുന്നതിനു പല രീതിയുണ്ട്.  ഇംഗ്ലീഷ് ജനന തീയതിയുടെ അടിസ്ഥാനത്തിൽ പിറന്നാൾ ആഘോഷിക്കുന്ന രീതിക്ക് ഈയിടെയായി പ്രചാരം കൂടിയിട്ടുണ്ട്. എന്നാൽ ജനിച്ച നക്ഷത്രത്തിൻ്റെ അടിസ്ഥാനത്തിൽ പിറന്നാൾ കണക്കാക്കുകയെന്നതാണു നമ്മുടെ പാരമ്പര്യമനുസരിച്ചുള്ള രീതി.അതായത് ഉദാഹരണമായി മേടമാസത്തിലെ അശ്വതി നക്ഷത്ര ദിവസം ജനിച്ചയാൾക്ക് ഓരോ വർഷവും മേട മാസത്തിലെ അശ്വതി നക്ഷത്ര ദിവസമാണ് പിറന്നാൾ.

ആകെ നക്ഷത്രങ്ങൾ
നക്ഷത്രങ്ങൾ ആകെ ഇരുപത്തി ഏഴ് ഒരു മാസത്തിനാണെങ്കിൽ മുപ്പത് മുപ്പത്തി ഒന്ന് ദിവസങ്ങൾ ഉണ്ടാകും ചില മലയാള മാസങ്ങൾക്ക് മുപ്പത്തിരണ്ടു ദിവസങ്ങൾ ഉണ്ടാവും. അപ്പോൾ ഓരോ മാസവും ആദ്യ ദിവസങ്ങളിലെ നക്ഷത്രങ്ങൾ അവസാന ദിവസങ്ങളിലും വരും.

ഒരു മാസത്തിൽ രണ്ടു തവണ ജന്മനക്ഷത്രം വന്നാൽ
ഇങ്ങനെ ഒരു മാസത്തിൽ ജന്മനക്ഷത്രം രണ്ടു തവണ വന്നാൽ രണ്ടാമത്തെ ദിവസമാണു പിറന്നാൾ ആയി ആചരിക്കേണ്ടത്. അതേ സമയം മാസത്തിൽ രണ്ടാമതായി വരുന്ന ജന്മനക്ഷത്രത്തിൽ അടുത്ത മലയാള മാസത്തെ സൂര്യ സംക്രമം സ്പർശിക്കുന്നുണ്ടെങ്കിൽ ആ മാസത്തിലെ (ഇംഗ്ലീഷ് മാസം) ആദ്യത്തെ ജന്മനക്ഷത്രം തന്നെ പിറന്നാൾ ആയി  സ്വീകരിക്കണം.

സൂര്യോദയം
സൂര്യോദയം കഴിഞ്ഞ്  ആറു നാഴികകയ്ക്ക് (രണ്ട് മണിക്കൂർ ഇരുപത്തിനാല് മിനിറ്റ് ) ഒരു നാഴിക എന്നു പറഞ്ഞാൽ ഇരുപത്തിനാല് മിനിറ്റ് (24) സൂര്യോദയം കണക്കു കൂട്ടുന്നത് സാധാരണയായി രാവിലെ ആറു മണിക്ക് ശേഷമാണ്.എങ്കിലും ജന്മ നക്ഷത്രം വരുന്ന ദിവസമാണ്  പിറന്നാൾ ആയി എടുക്കേണ്ടത്. സൂര്യോദയം കഴിഞ്ഞ് ആറു നാഴികയിൽ താഴെ സമയത്തേക്കു മാത്രമേ ജന്മ നക്ഷത്രം വരുന്നുള്ളു. എങ്കിൽ പിറന്നാൾ ആഘോഷിക്കേണ്ടതു തലേന്നാണ്.

ജന്മ നക്ഷത്രത്തിൻ്റെ പത്തിലൊരംശം
അതായത് ജന്മ നക്ഷത്രത്തിൻ്റെ പത്തിലൊരു ഭാഗമെങ്കിലും പിറന്നാൾ ദിവസത്തിന് ഉണ്ടായിരിക്കണം. ഒരു നക്ഷത്രം ആകെ അറുപത് നാഴിക എന്ന കണക്കിൻ്റെ അടിസ്ഥാനത്തിലാണ് സൂര്യോദയം കഴിഞ്ഞ് ആറു നാഴിക എന്നു പറഞ്ഞിരിക്കുന്നത്.  ജന്മനക്ഷത്രം അന്നേ ദിവസം  അറുപത് നാഴികയിൽ കൂടുതലോ കുറവോ ആണെങ്കിൽ അതിന് അനുസരിച്ച് ആറു നാഴിക എന്നതിന് നേരിയ വ്യത്യാസവും വരും. ഏതൊരു നക്ഷത്രവും ആകെയുള്ള ആറുപത് നാഴികയിൽ നിന്ന് എട്ടു നാഴിക വരെ കൂടുതലോ കുറവോ ഉണ്ടാകാം.

ശ്രാദ്ധം അറിയാൻ
ഒരു വ്യക്തി മരിച്ചാൽ മരിച്ച ദിവസത്തെ നക്ഷത്രമോ തിഥിയോ നോക്കി അതിൻ്റെ അടിസ്ഥാനത്തിലാണു ശ്രാദ്ധം ആചരിക്കുന്നത്. മരിച്ച ദിവസത്തെ നക്ഷത്രമോ തിഥിയോ നോക്കി അതിൻ്റെ അടിസ്ഥാനത്തിലാണ് ശ്രാദ്ധം ആചരിക്കുന്ന രീതി ആണു കൂടുതൽ പ്രചാരത്തിലുള്ളത്.നക്ഷത്രമോ തിഥിയോ ഏതായാലും സൂര്യാസ്തമയത്തിൻ്റെ ആറു നാഴിക മുൻപെങ്കിലും  ഉണ്ടായിരിക്കണം. അതായത് നക്ഷത്രത്തിൻ്റെയോ തിഥിയുടെയോ പത്തിലൊരു ഭാഗം അസ്തമയത്തിന് മുൻപ് ഉണ്ടായിരിക്കണം. അങ്ങനെ അസ്തമയത്തിനു മുൻപ് ആറു നാഴികയ്ക്ക് നക്ഷത്രമോ തിഥിയോ ഇല്ലെങ്കിൽ ശ്രാദ്ധം പിറ്റേന്ന് ഊട്ടണം. തലേന്നും പിറ്റേന്നും അസ്തമയത്തിന് ആറു നാഴിക മുൻപു നേരത്തേക്ക്  ശ്രാദ്ധ നക്ഷത്രമോ തിഥിയോ വരാത്ത അപൂർവ്വ സാഹചര്യം വന്നാൽ  ശ്രാദ്ധം ആചരിക്കേണ്ടത് ഇതിലെ ആദ്യത്തെ ദിവസമാണ്.ശ്രാദ്ധ ദിവസം  തീരുമാനിക്കേണ്ടത് ഇങ്ങനെയാണ് . ശ്രാദ്ധത്തിൻ്റെ ചടങ്ങുകൾ ചെയ്യുന്ന സമയത്ത് ശ്രാദ്ധ നക്ഷത്രമോ, തിഥിയോ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.

അസ്തമയവുമായി  ബന്ധപ്പെടുത്തി
ഒരാളുടെ പിറന്നാൾ കണക്കാക്കുന്നത് ഉദയവുമായി ബന്ധപ്പെടുത്തിയാണെങ്കിൽ ഒരാളുടെ ശ്രാദ്ധം കണക്കാക്കുന്നത്  അസ്തമയവുമായി ബന്ധപ്പെടുത്തിയാണ്. ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം ഒരു മാസത്തിൽ രണ്ടു തവണ വന്നാൽ ആദ്യത്തേതാണ് സ്വീകരിക്കേണ്ടത്. പിറന്നാളിന് രണ്ടാമത്തേയും.

മുഹൂർത്തം അറിയാൻ
ദൈനദിന ജീവിതത്തിൽ തിരക്കേറിയ മനുഷ്യന് വിവാഹമുൾപ്പെടെയുള്ള പുണ്യകർമ്മങ്ങൾക്കായി ഏതു ദിവസവും തിരഞ്ഞെടുക്കാവുന്ന മുഹൂർത്തമാണ് അഭിജിത്ത് മുഹൂർത്തം അഭിജിത്ത് മുഹൂർത്തത്തിനെക്കുറിച്ച് വിശദമായി അറിയാൻ ഈ വെബ് സൈറ്റിലെ മുഹൂർത്തം എന്ന ലേബലിൽ ക്ലിക്ക് ചെയ്യുക.

പഞ്ചാംഗം 
ഓരോ മാസത്തിലെയും പിറന്നാളും ശ്രാദ്ധവും വരുന്നത് എന്നാണെന്ന് കൃത്യമായി അറിയാൻ നിത്യ പഞ്ചാംഗപ്പേജിൽ പ്രത്യേക കോളത്തിൽ കൊടുത്തിട്ടുണ്ട്.