വിശാഖം നക്ഷത്രം
സൽസ്വഭാവികളും സദാചാര നിഷ്ഠയും ബുദ്ധി സാമർത്ഥ്യവും ഉള്ളവരായിരിക്കും വിശാഖം നക്ഷത്രത്തിൽ ജനിച്ചവരിൽ കൂടുതലും.നീതിനിർവ്വഹണത്തിൽ അവർ പ്രത്യേക താല്പര്യം കാണിയ്ക്കും. എതിർപ്പുകൾ അവഗണിച്ചു കൊണ്ട് ലക്ഷ്യപ്രാപ്തിക്കായി വിശാഖം നക്ഷത്രക്കാർ അത്യദ്ധ്വാനം ചെയ്യും. സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നില്ക്കുന്നവരായിരിക്കും വിശാഖം നക്ഷത്രക്കാർ. ഇവർക്ക് പ്രയോഗികബുദ്ധി കൂടുതലുണ്ടാകും. തന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നതിലും അത് പ്രയോഗിക്കുന്നതിലും ഇവർക്ക് പ്രത്യേക കഴിവുണ്ടാകും.ജീവിതത്തിൽ അധികവും സ്വജനങ്ങളിൽ നിന്ന് അകന്നു കഴിയാൻ സംഗതിയാകും. ഇവർക്ക് മാതാവിൽ നിന്ന് പ്രയോജനം കുറയും പിതാവിനോടു കൂടുതൽ അടുപ്പമുണ്ടാകും.മാതാപിതാക്കളെപ്പറ്റി അഭിമാനിക്കുന്ന സ്വഭാവമുണ്ടാകും, പക്ഷേ അവരുമായി ഇടയ്ക്കിടെ കലഹിച്ചെന്നു വരാം. അന്യരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ മടി കാണിയ്ക്കും, അദ്ധ്വാനശീലവും സ്വാശ്രയബോധവും കൂടുതലായുണ്ടാകും സ്വാർത്ഥ ചിന്തകൾ കൂടിയിരിക്കും. അന്യരുടെ മനോഭാവത്തെപ്പറ്റി ചിന്തിക്കാതെ ഓരോന്നും പ്രവർത്തിക്കും. തൻ്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ഇവർ അധികമൊന്നും ചിന്തിക്കുകയില്ല. ഇവർക്ക് ശരിയെന്നു തോന്നുന്ന രീതിയിൽ പ്രവർത്തിക്കും. അത് പിതാവിന് വിരുദ്ധമായാൽ പോലും അതിനെപ്പറ്റി ചിന്തിക്കുകയില്ല, ഇതു മൂലം അടുത്ത ബന്ധുക്കളുടെ പോലും അത്യാർത്തിക്ക് പാത്രമാവും, പക്ഷേ അത് കാര്യമാക്കി എന്നു വരികയില്ല, പണ സംബന്ധമായ കാര്യങ്ങളിൽ കരുതലോടെ പ്രവർത്തിക്കും. ചെലവു ചുരുക്കാൻ പരമാവധി ശ്രമിക്കും, കഴിവതും അത്യാവിശ്യങ്ങൾക്കു മാത്രം ചെലവു ചെയ്യാനും ബാക്കി സൂക്ഷിച്ചു വയ്ക്കാനും താല്പര്യം കാണിയ്ക്കുന്നവരാണ് വിശാഖം നക്ഷത്രക്കാർ. പക്ഷേ സന്താനങ്ങൾക്കും കുടുംബത്തിനും വേണ്ടി ധാരാളമായി പണം ചെലവു ചെയ്യും, എല്ലാം കൃത്യമായും ചിട്ടയായും നടത്തണമെന്നും സുഖ സൗകര്യങ്ങൾക്ക് ഒരു കുറവും വരരുതെന്നും ഇവർ നിർബന്ധം പിടിക്കും. ആർക്കു വേണ്ടിയും അധികമായി ത്യാഗം സഹിക്കാൻ വിശാഖം നാളുകാർ തയാറാവുകയില്ല,ആർക്കും കീഴടങ്ങി നില്ക്കാന്നും ഇവർ ഇഷ്ടപ്പെടുകയില്ല.  കർത്തവ്യനിഷ്ടയുണ്ടാകും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക എന്നല്ലാതെ അതിൻ്റെ ഫലത്തെപ്പറ്റി അധികമൊന്നും ചിന്തിക്കുകയില്ല.പക്വതയും സംസ്ക്കാരവും ഉള്ളവരാണിവരിൽ മിക്കവരും. വിശാഖം നാളിൽ ജനിച്ച സ്ത്രീകൾ വിനയം, ഔദാര്യം, ഭർതൃഭക്തി തുടങ്ങിയവ കൊണ്ട് എല്ലാവർക്കും മാതൃകയായി കഴിഞ്ഞു കൂടും.
ഓരോ പ്രായത്തിലും
വിശാഖം നാളുകാരുടെ ബാല്യകാലം പൊതുവെ സന്തോഷകരമായിരിക്കും, ആരോഗ്യം മെച്ചപ്പെടും കുടു:ബത്തിന് ഭൂസ്വത്ത്, പുതിയ വീട്, വാഹനം തുടങ്ങിയവ ഉണ്ടാകാൻ ഈ കാലത്ത് യോഗമുണ്ട്. പത്ത് വയസിനും ഇരുപത്തി അഞ്ച് വയസിനും ഇടയ്ക്കുള്ള കാലം വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഗുണദോഷസമ്മിശ്രമായിരിക്കും. തടസ്സങ്ങളും പരാജയങ്ങളും ഇടയ്ക്കിടെ അനുഭവപ്പെട്ടുകൊണ്ടിരിക്കും, ഇരുപത്തിയഞ്ചു വയസിനു ശേഷം നാല്പത്തി രണ്ടു വയസു വരെയുള്ള കാലം തൊഴിൽ ഗുണം, കുടുംബ സുഖം, സന്താന ഗുണം ,ബന്ധു ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്നതാണ്. നാല്പത്തി രണ്ടു വയസു മുതൽ നാല്പപത്തി ഒൻപതു വയസുവരെയുള്ള കാലം രോഗപീഡകൾ അപകടങ്ങൾ, മനക്ലേശം തുടങ്ങിയവ ഉണ്ടാകാവുന്നതാണ്, അൻപതു വയസിനു ശേഷമുള്ള കാലം പൊതുവെ ഗുണകരമായിരിക്കും
വിശാഖം നക്ഷത്രത്തിൻ്റെ ദശാസന്ധി
വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ പതിനാറു വർഷം വ്യാഴ ദശാസന്ധി, തുടർന്ന് പത്തൊൻപത് വർഷം ശനി ദശാസന്ധി, തുടർന്ന് പതിനേഴു വർഷം ബുധ ദശാസന്ധി തുടർന്ന് എഴു വർഷം കേതു ദശാസന്ധി തുടർന്ന് ഇരുപത് വർഷം ശുക്രദശാസന്ധി തുടർന്ന് ആറു വർഷം ആദിത്യ ദശാസന്ധി തുടർന്ന് പത്തുവർഷം ചന്ദ്രദശാസന്ധി തുടർന്ന് എഴു വർഷം ചൊവ്വദശാസന്ധി തുടർന്ന് പതിനെട്ടു വർഷം രാഹുദശാസന്ധി