ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഒന്നിനോടും അതിരു കവിഞ്ഞ ആസക്തി ഉണ്ടായിരിക്കുകയില്ല.എല്ലാം അർത്ഥശൂന്യവും നശ്വരവുമാണെന്ന ബോധം അവരുടെ ചിന്തയിലും പ്രവർത്തിയിലും നിഴലിച്ചിരിക്കും. ശാന്തതയും സൗമ്യതയും എപ്പോഴും ഉത്രാടം നക്ഷത്രക്കാരുടെ മുഖത്ത് കളിയാടും. മാന്യമായ പെരുമാറ്റവും സ്നേഹപൂർവ്വമുള്ള സംഭാഷണവും കൊണ്ട് ഉത്രാടം നക്ഷത്രക്കാർ എല്ലാവരുടെയും ആദരവും നേടും.
ഉത്രാടം നക്ഷത്രത്തിൻ്റെ ഗണം, മൃഗം, പക്ഷി, വൃക്ഷം, രത്നം, നിറം, ഭാഗ്യസംഖ്യ
ഉത്രാടം നക്ഷത്രത്തിൻ്റെ ഗണം - മാനുഷ ഗണം, ഉത്രാടം നക്ഷത്രത്തിൻ്റെ മൃഗം - കാള, പക്ഷി - കോഴി, വൃക്ഷം - പ്ളാവ്, രത്നം - മാണിക്യം, ഭാഗ്യ നിറം-മഞ്ഞ, ഭാഗ്യ സംഖ്യ - ഒന്ന്
ചൊവ്വ, വ്യാഴം, ബുധൻ എന്നീ ദശാകാലങ്ങളിൽ ഉത്രാടം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ
ചൊവ്വ, വ്യാഴം, ബുധൻ എന്നീ ദശാകാലങ്ങളിൽ ഉത്രാടം നക്ഷത്ര ജാതകർ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കണം.നക്ഷത്രാധിപനായ ആദിത്യനെ നിത്യവും ഭജിക്കുന്നത് നല്ലതാണ്.ഞായറും ഉത്രാടവും ചേർന്ന് വരുന്ന ദിവസം ആദിത്യ പൂജ നടത്തുന്നതും ഉത്തമമാണ്.
ശിവ ക്ഷേത്ര ദർശനം
ധനു കൂറുകാർ വ്യാഴത്തെയും മകരക്കൂറിൽ ജനിച്ചവർ ശനിയെയും പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം.ഉത്രാടം നാളിൽ ശിവക്ഷേത്ര ദർശനം, മഹാദേവന് കൂവളത്തില മാല സമർപ്പിക്കുന്നത് ശ്രേയസ്കരമാണ്. മഞ്ഞ, കറുപ്പ് ,നീല എന്നീ നിറങ്ങൾ ഉത്രാടം നക്ഷത്രക്കാർക്ക് അനുകൂലങ്ങളാണ്. ഉത്രാടം നക്ഷത്രത്തിൻ്റെ ദേവത വിശ്വദേവതകളാണ്, ഇവരെ നിത്യവും ഭജിക്കുന്നത് ഉത്തമമാണ്.
മന്ത്രം: ഓം വിശ്വദേവേഭ്യോ നമ:
ഉത്രാടം നക്ഷത്രത്തിൻ്റെ പ്രതികൂല നാളുകൾ
അവിട്ടം, രേവതി, പൂരുരുട്ടാതി, പുണർതം, പൂയം, മകം, പൂരം, ഉത്രം, ആയില്യം എന്നീ നാളുകൾ ഉത്രാടം നക്ഷത്ര ജാതകർക്ക് പ്രതികൂലങ്ങളാണ്.ഈ നക്ഷത്രങ്ങളിൽ ഉത്രാടം നാളുകാർ പുതിയ സംരംഭങ്ങളൊന്നും ആരംഭിക്കാതിരിക്കുന്നതായിരിക്കും ഉത്തമം.
ഉത്രാടം നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് ആറു വയസ്സു വരെ ആദിത്യ ദശയാണ്
ജാതകൻ്റെ ജന്മനാ ആറു വയസ്സു വരെയുള്ള ആദിത്യ ദശ ഗുണദോഷസമ്മിശ്രമാണ്. പല തരത്തിലുള്ള രോഗാവസ്ഥകൾ ആറു വയസ്സിനുള്ളിൽ ജാതകനെ ബുദ്ധിമുട്ടിക്കാം ,എന്നാൽ ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശയിലാണ് ജാതകൻ ജനിക്കുന്നതെങ്കിൽ മാതാപിതാക്കൾക്ക് നല്ലതാണ്. സാമ്പത്തിക ലാഭം, ജോലിയിൽ ഉയർച്ച,പുതിയ ഭവന നിർമ്മാണം തുടങ്ങിയ ഈ കാലഘട്ടത്തിൽ നടക്കും.
ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏഴു വയസ്സു മുതൽ പതിനാറു വയസ്സു വരെ ചന്ദ്ര ദശാസന്ധിയാണ്
ജാതകർക്ക് പൊതുവെ ഗുണപ്രദമായ കാലയളവാണ് ചന്ദ്ര ദശാസന്ധികാലം. വിദ്യാഭ്യാസ പരമായി അനുകൂല കാലഘട്ടമാണിത്. ഇഷ്ടഭാവത്തിൽ ബലവാനായി നില്ക്കുന്ന ചന്ദ്ര ദശാസന്ധി കാലയളവിൽ പ്രശസ്തിയും പ്രത്യേക കഴിവും ഈ കാലഘട്ടത്തിൽ ഉണ്ടാകും.എന്നാൽ നീച ഭാവത്തിൽ നില്ക്കുന്ന ചന്ദ്ര ദശാകാലഘട്ടത്തിൽ വിദ്യാതടസ്സം,അലസത തുടങ്ങിയവ ഉണ്ടാകും.
ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് പതിനേഴു വയസ്സു മുതൽ ഇരുപത്തി മൂന്ന് വയസ്സു വരെ കുജ ദശാസന്ധി
ചൊവ്വായുടെ ദശയിൽ സ്വന്തം കഴിവും സാമർത്ഥ്യവും കൊണ്ട് തനിക്ക് അഭിവൃദ്ധീകരമായ മാർഗ്ഗം നേടും. സേനകളിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഈ കാലയളവിൽ അത് ലഭ്യമാകും, ഈ കാലയളവിൽ ചില രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കാം.പരിഹാരമായി മലയാള മാസത്തിലെ ആദ്യ ചൊവ്വാഴ്ച വ്രതമെടുത്ത് ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.
ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക്
ഇരുപത്തിനാല് വയസ്സു മുതൽ നാല്പത്തി ഒന്നു വയസ്സു വരെ രാഹു ദശയാണ്
രാഹു ദശ പൊതുവെ ദോഷ പ്രദമാണെങ്കിലും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഉണ്ടെങ്കിൽ ദോഷത്തിൻ്റെ കാഠിന്യം കുറയും,ഈ കാലയളവിൽ പല തരത്തിലുള്ള രോഗങ്ങൾ, ധനനഷ്ടം ,കേസു വഴക്കുകൾ, പേരുദോഷം തുടങ്ങിയവ കേൾക്കേണ്ടി വരും.പൊതുവെ ദോഷം നല്കുന്നവനാണ് രാഹുവെങ്കിലും ഇഷ്ടഭാവത്തിലും അനൂകൂല രാശികളിലും ബലവാനായി നില്ക്കുന്ന രാഹു ധാരാളം ഗുണഫലങ്ങളെ ജാതകന് നല്കും.
ഉത്രാടം നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് നാല്പത്തി രണ്ടു വയസ്സു മുതൽ അൻപത്തി ഏഴു വയസ്സു വരെ വ്യാഴ ദശാസന്ധി കാലയളവാണ്
ഉത്രാടം നക്ഷത്ര ജാതകർക്ക് വളരെ അനുകൂല കാലഘട്ടമാണിത്.വ്യാഴ ദശയിൽ ഉത്സാഹം, ഉൽക്കർഷമായ അവസ്ഥ,സർവ്വ കാര്യവിജയം, വ്യവഹാര വിജയം, തൊഴിലിൽ അഭിവൃദ്ധി, മനസന്തോഷം ഇത്യാദി ഗുണഫലങ്ങളും മാനസിക സംഘർഷം, ശത്രുവർദ്ധന തുടങ്ങിയ ദോഷഫലങ്ങളും ഈ കാലയളവിൽ ഉണ്ടാകും.
ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് അൻപത്തി എട്ടു വയസ്സു മുതൽ എഴുപത്തി ഏഴു വയസ്സു വരെ ശനിദശാസന്ധി
ഈ കാലഘട്ടം ജാതകർക്ക് ഗുണദോഷ സമ്മിശ്രമാണ്. ഭൂമിലാഭം, പൂരം, സമുദായം ഇവയുടെ ഏതെങ്കിലും ഒന്നിൻ്റെ നായകസ്ഥാന ലബ്ദി, അർത്ഥലാഭം തുടങ്ങിയ ഗുണഫലങ്ങളും സിദ്ധിക്കും.അതോടൊപ്പം തന്നെ പലതരത്തിലുള്ള രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കും.ശനി മിക്കവാറും കഷ്ടഫലത്തെ നല്കുന്നവനാണെങ്കിലും ഇഷ്ടഭാവ സ്ഥിതനും ബലവാനുമാണെങ്കിൽ പല തരത്തിലുള്ള ഗുണഫലങ്ങളെ നല്കും.
ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി എട്ടു വയസ്സു മുതൽ തൊണ്ണൂറ്റി നാലു വയസ്സു വരെ ജാതകന് ബുധ ദശാസന്ധി
ഈ കാലയളവ് ജാതകന് പൊതുവെ ഗുണപ്രദമാണ്.ആത്മീയ വിഷയങ്ങളിൽ താല്പര്യം കൂടും. ചില രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കാം, ബുധദശാസന്ധിയുടെ അവസാന കാലഘട്ടം ശരീര ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടാം, ഈശ്വര സ്മരണയോടെ ജീവിക്കുക.
ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊണ്ണൂറ്റി അഞ്ച് വയസ്സു മുതൽ നൂറ്റി ഒന്ന് വയസ്സു വരെ കേതു ദശാസന്ധിയാണ്
ഈ കാലഘട്ടം ഉത്രാടം നക്ഷത്ര ജാതകർക്ക് പൊതുവെ നല്ലതല്ല,പല തരത്തിലുള്ള രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കാം.സദാ സമയം ഗണപതി നാമം നാവിൽ ഉരുവിടുന്നത് നല്ലതാണ്.
നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് ഉത്രാടം നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.
0 Comments
if you have any dobt, comment