അനിഴം നക്ഷത്രം
അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിത ഗതിയിൽ പലവിധ പ്രതിസന്ധികളും ഉണ്ടാകാം. പലവിധ മാറ്റങ്ങളും അനിഴം നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി അനുഭവപ്പെട്ടു കൊണ്ടിരിക്കും. കുഴപ്പം പിടിച്ച സാഹചര്യങ്ങളെ വിജയകരമായി നേരിടാനും അതിജീവിക്കാനുമുള്ള അസാധാരണമായ കഴിവ് ഈ നാളുകാർക്ക് ഉണ്ടാകും. ആകുലചിന്തകൾ കൂടിയിരിക്കും, ഗൗരവഭാവം എപ്പോഴും മുഖത്തു നിഴലിക്കും. ഒരു കാര്യവും നിസ്സാരമായി കണക്കാക്കുകയില്ല. നിർബന്ധബുദ്ധി കൂടും ,ശത്രുക്കളോട് ക്ഷമിക്കുകയില്ല. എതിർപ്പുകൾ നേരിടുന്നതിൽ വളരെ കർക്കശത്വം കാണിക്കും. ദയയോ, വിട്ടുവീഴ്ചയോ കാണിച്ചെന്നു വരികയില്ല. പക്ഷേ അദ്ധ്യാനഫലം അനുഭവിക്കാനുള്ള ഭാഗ്യം പലപ്പോഴും കിട്ടിയെന്നു വരികയില്ല.യാദൃശ്ചിക കാരണങ്ങൾ മൂലം നിരാശപ്പെടാതെ തുടർന്നും പ്രവർത്തിക്കുന്ന സ്വഭാവമുണ്ടാകും.

അനിഴം നക്ഷത്രത്തിൻ്റെ ഗണം വൃക്ഷം, പക്ഷി, മൃഗം, രത്നം, ഭാഗ്യ സംഖ്യ, നിറം
അനിഴം നക്ഷത്രത്തിൻ്റെ ഗണം - ദൈവഗണം, മൃഗം - മാൻ, പക്ഷി - കാക്ക, വൃക്ഷം - ഇലഞ്ഞി, രത്നം - ഇന്ദ്രനീലം, ഭാഗ്യ സംഖ്യ - എട്ട് (8) ,നിറം- സ്വർണ്ണനിറം

അനിഴം നക്ഷത്രക്കാർ സൂര്യൻ, ചൊവ്വ, കേതു എന്നീ ദശകളിൽ അനിഴം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷ പരിഹാരങ്ങൾ
സൂര്യൻ, ചൊവ്വ, കേതു എന്നീ ദശാസന്ധി കാലയളവിൽ അനിഴം നക്ഷത്രക്കാർ ദോഷപരിഹാരക്രിയകൾ അനുഷ്ഠിക്കേണ്ടതാണ്.ശിവൻ, ശാസ്താവ് എന്നീ ക്ഷേത്രങ്ങളിൽ അനിഴം നക്ഷത്രക്കാർ ദിവസവും ദർശനം നടത്തുന്നത് ഉത്തമമാണ്. ശനിയും അനിഴം നക്ഷത്രവും ചേർന്ന് വരുന്ന ദിവസം ശനീശ്വര പൂജ നടത്തുന്നത് ഐശ്വര്യകരമാണ്.

ഭദ്രകാളീ ദേവി
രാശ്യാധിപൻ ചൊവ്വ ആയതിനാൽ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും അനുഷ്ഠിക്കേണ്ടതുണ്ട്.  ചൊവ്വ ഓജ രാശിയിലാണെങ്കിൽ സുബ്രഹ്മണ്യ സ്വാമിയെയും യുഗ്മ രാശിയിലാണെങ്കിൽ ഭദ്രകാളി ദേവിയെയും ഭജിക്കണം.

അനിഴം നക്ഷത്രത്തിൻ്റെ പ്രതികൂല നാളുകൾ
മൂലം, അവിട്ടം, ഉത്രാടം, മകയിരം, തിരുവാതിര, പുണർതം എന്നീ നാളുകൾ അനിഴം നക്ഷത്ര ജാതകർക്ക് പ്രതികൂലങ്ങളാണ്.മേൽ പറഞ്ഞ ആറു നാളുകളിൽ അനിഴം നക്ഷത്രക്കാർ പുതിയ സംരംഭങ്ങൾ ഒന്നും ആരംഭിക്കാതിരിക്കുന്നതാവും ഉത്തമം.

അനിഴം നക്ഷത്രത്തിൻ്റെ ദേവത
അനിഴം നക്ഷത്രത്തിൻ്റെ ദേവത മിത്രനാണ്. നിത്യവും മിത്ര ദേവനെ ഭജിക്കുന്നത് അത്യുത്തമമാണ്
മന്ത്രം: ഓം മിത്രായ നമ:

അനിഴം നക്ഷത്രത്തിന് ജന്മനാ പത്തോൻപത് (19) വയസ്സു വരെ ശനിദശയാണ്
ജാതകൻ്റെ ജന്മനാ ഉള്ള പത്തോൻപത്  വർഷക്കാലത്തെ ശനിദശാ കാലഘട്ടം ഗുണദോഷ സമ്മിശ്രമാണ്.എന്നാൽ ജാതകരുടെ ജനനസമയം വളരെയധികം പ്രതിസന്ധികൾ സൃഷ്ടിക്കാം.ജാതകൻ്റെ ജനന ശേഷം ഒരു വർഷത്തിനുള്ളിൽ ജാതന് രോഗ സംബന്ധമായ ശസ്ത്രക്രിയയോ അതുപോലെ എന്തെങ്കിലും രോഗാവസ്ഥയോ ബുദ്ധിമുട്ടിക്കാം, അതുവഴി പിതാവിന് ധനനഷ്ടം ഉണ്ടാക്കാം. ജാതകന് ശനിയുടെ ആദ്യ ഘട്ടത്തിൽ വിദ്യാഭ്യാസ തടസം ഉണ്ടാകാം.ജനിച്ച ശേഷം സ്വദേശം വിട്ട് മാറി താമസിക്കേണ്ടി വരും, എന്നാൽ ശനി മിക്കവാറും ദോഷഫലത്തെയാണ് നല്കുന്നതെങ്കിലും ഇഷ്ടഭാവ സ്ഥിതനും ബലവാനുമായ ശനി ദശാകാലത്ത് ധനലാഭം, കീർത്തി, ഗൃഹ ലാഭം, സ്ഥാന പ്രാപ്തി മുതലായ ഗുണാനുഭവങ്ങൾ ധാരാളം ലഭിക്കും. ശനി ദശാസന്ധിയിൽ ജനിക്കുന്ന ജാതകന് ശനിയുടെ ആദ്യ കാലഘട്ടമായ അഞ്ചു വർഷം ശനിയുടെ രൂക്ഷ ഫലങ്ങൾ അനുഭവിച്ചു കഴിഞ്ഞിരിക്കും.

അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത് (20) വയസ്സു  മുതൽ മുപ്പത്തി ഏഴു വയസ്സു വരെ ബുധദശ
ഈ ദശാസന്ധി കാലയളവ് ജാതകന് ഗുണപ്രദമാണ്.ഉയർന്ന വിദ്യാഗുണം, ജോലി ,അംഗീകാരം, വിദ്യാന്മാരുടെ അഭിനന്ദനം, ഉദ്യോഗലബ്ധി, കീർത്തി, സ്രാഹിത്യ പ്രവർത്തനം, ഭാഗ്യാഭിവൃദ്ധി, ഗൃഹനിർമ്മാണം, ഭൂമി ലാഭം, വിവാഹം തുടങ്ങിയവ ഈ കാലയളവിൽ സിദ്ധിക്കും, ബുധൻ ബലവാനായാൽ ഫലവും ഉൽകൃഷ്ടമായിരിക്കും.
അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി എട്ടു (38) വയസ്സു മുതൽ നാല്പത്തിനാല് (44) വയസ്സു വരെ കേതു ദശ
കേതു ദശ ജാതകന് ഗുണദോഷ സമ്മിശ്രമാണ്.പലവിധത്തിലുള്ള പ്രതിസന്ധികൾ ജാതകനെ അലട്ടാം. എന്നാൽ മൂന്നാം ഭാവത്തിൽ നില്ക്കുന്ന കേതുവിൻ്റെ ദശയിൽ സുഖം, ഐശ്വര്യം, ധനലാഭം, വിജയം, ആദിയായ ഗുണാനുഭവങ്ങൾ സിദ്ധിക്കും.

അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തിയഞ്ചു (45) വയസ്സു മുതൽ അറുപത്തിയഞ്ചു (65) വയസ്സു വരെ ശുക്ര ദശാസന്ധി
ഈ കാലയളവ് ജാതകന് ഗുണപ്രദമാണ്, പലവിധത്തിലുള്ള നേട്ടങ്ങളും അംഗീകാരവും ധനലാഭവും ഉണ്ടാകും. ഭൂമിലാഭം, ഗൃഹ നിർമ്മാണം, സന്താനങ്ങളുടെ വിവാഹം തുടങ്ങിയവ ഈ കാലയളവിൽ സിദ്ധിക്കും.  ബഹുജന സമ്മതി ,കീർത്തി തുടങ്ങിയവ ഈ കാലയളവിൽ സിദ്ധിക്കും. ഉച്ചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശാപഹാര കാലഘടത്തിൽ പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങൾ തേടിയെത്തും.എന്നാൽ നീചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശാസന്നിൽ ധന നഷ്ടമാണ് ഫലം.
അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി ആറു വയസ്സു മുതൽ എഴുപത്തി രണ്ടു (72) വയസ്സു വരെ ആദിത്യദശ
ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശാകാലത്ത് പല തരത്തിലുള്ള അംഗീകാരം, നേതൃത്വ സ്ഥാനം, പൊതുജന അംഗീകാരം തുടങ്ങിയ സിദ്ധിക്കും, എന്നാൽ ബലഹീനനായ ആദിത്യൻ പല വിധ പ്രതിസന്ധികൾ സൃഷ്ടിക്കും.

അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി മൂന്ന് (73) വയസ്സു മുതൽ എൺപത്തി മൂന്നു വയസ്സു (83) വരെ ചന്ദ്ര ദശ
ഈ ദശാസന്ധി കാലയളവ് ജാതകന് പൊതുവെ ഗുണപ്രദമാണ്. പൂർണ്ണ ചന്ദ്രൻ്റെ ദശാകാലം കൂടുതൽ ഗുണകരമാണ്,കീർത്തിയും അംഗീകാരവും സിദ്ധിക്കും ബലഹീനനായ ചന്ദ്രൻ്റെ ദശയിൽ പ്രതിസന്ധികൾ നേരിടേണ്ടി വരും.
 
അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തി നാലു വയസ്സു മുതൽ തൊണ്ണൂറു വയസ്സു വരെ കുജദശ        ( ചൊവ്വാ) 
ജാതകർക്ക് പൊതുവെ ഗുണദോഷ സമ്മിശ്രമാണ് ഈ ദശാസന്ധി കാലയളവ്. ഉച്ചത്തിൽ നില്ക്കുന്ന ചൊവ്വായുടെ ദശാകാലം ജാതകർക്ക് ഗുണപ്രദമായിരിക്കും.എന്നാൽ നീചത്തിൽ നില്ക്കുന്ന ചൊവ്വായുടെ ദശാകാലം ജാതകന് പല തരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കും.

അനിഴം നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് തൊണ്ണൂറ്റി ആറു (96)
 മുതൽ നൂറ്റി പതിനാല് (114) വയസ്സു വരെ രാഹുദശ
ജാതക്കൻ്റെ ഈ ദശാകാലം പൊതുവെ ദോഷ പ്രദമാണ്.ആദ്യ കാലഘട്ടം ഗുണദോഷസമ്മിശ്രമാണെങ്കിലും പിന്നീട് ദോഷ പ്രദമായിരിക്കും, ഈശ്വര നാമം സദാ ജപിക്കുക.

നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് അനിഴം നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.