ബലി കർമ്മങ്ങൾ
ശ്രാദ്ധ കർമ്മങ്ങൾ ചെയ്യുന്നത് കൊല്ലത്തിൽ മരിച്ച തിഥിയിലാണ്. എന്നാൽ കർക്കിടക മാസത്തിലെ ബലിയിടലിന് ഇതൊന്നും നോക്കേണ്ടതില്ല, എന്നു മാത്രമല്ല പന്ത്രണ്ട് മാസ ബലിക്ക് തുല്യമാണ് കർക്കിടക മാസത്തിലെ ബലി .

ഒരു വ്യക്തി മരിച്ചാൽ
ഒരു വ്യക്തി മരിച്ചാൽ ഉടനെ തന്നെ പുനർജ്ജനിക്കാൻ സാധ്യത കുറവാണ്. വളരെക്കാലം കർമ്മഫലം അനുഭവിച്ച് സ്വർഗ്ഗത്തിലോ നരകത്തിലോ കഴിയുന്നതാണ്. അതിനാൽ അവർക്ക് ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് ഗുണകരമേ ആകു.അവരുടെ അനുഗ്രഹം ശ്രാദ്ധ കർമ്മങ്ങൾ ചെയ്യുന്നവർക്കും ഗുണകരമായി ഭവിക്കുന്നതാണ് .ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ശ്രാദ്ധം .

മരിച്ച ശരീരത്തിൽ നിന്നും പുറത്തു വരുന്ന ആത്മാവ്
മരിച്ച ഉടനെ ഉടലിൽ നിന്നും പുറത്തു വന്ന ആത്മാവ് ഒരു മോഹാലസ്യ അവസ്ഥയിൽ ആയിരിക്കും .ഈ അവസരത്തിൽ പുത്രമിത്രാദികളും മറ്റും നടത്തുന്ന പ്രാർത്ഥനകൾ അവർക്ക് ആശ്വാസം നല്കുകയും  ബോധം തെളിഞ്ഞ് ശക്തി ഉളവാക്കാനും സഹായിക്കും.

ഭഗവത് ഗീത
മരണ സമയത്ത് പ്രാണൻ വേർപിരിയുമ്പോൾ യാതൊരുവൻ എന്നെ തന്നെ വിചാരിച്ചു കഴിയുന്നുവോ അവൻ എന്നെ തന്നെ പ്രാപിക്കുന്നു.  ഇതിന് യാതൊരു സംശയവുമില്ലെന്ന് ഭഗവത്ഗീതയിൽ പറയുന്നു.

പുനർജന്മം
അഞ്ചു കർമ്മേന്ദ്രിയങ്ങളും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു പ്രാണങ്ങളും മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ പത്തൊൻപത് തത്വങ്ങളോടു കൂടിയ അന്തരംഗ സൂക്ഷ്മ ശരീരം അല്ലെങ്കിൽ ലിംഗ ശരീരം സ്വർഗ്ഗത്തിലേക്ക് ഉയരുകയും  പിന്നീട് ഭൂമണ്ഡലത്തിലേക്ക് തിരിച്ചയക്കുകയും  വേറൊരു സ്ഥൂല ശരീരം അവലംബിച്ച് പുനർജന്മം എടുക്കുകയും ചെയ്യും.

പൂർവ്വ ജന്മത്തിലെ വാസനകൾ
ലിംഗ ശരീരത്തിൽ അല്ലെങ്കിൽ സൂക്ഷ്മ ശരീരത്തിലാണ് പൂർവ്വ ജന്മങ്ങളിലെ എല്ലാ വാസനകളും നിലനില്ക്കുന്നത്. ആത്മസാക്ഷാത്കാരം നേടി മോക്ഷം പ്രാപിക്കുന്നതുവരെ ഈ ശരീരം നിലനില്ക്കുന്നു .

ചന്ദ്രമാസം
ജ്യോതിശാസ്ത്ര പരമായി പറയുകയാണെങ്കിൽ ചന്ദ്രമാസത്തിലെ (കർക്കിടക മാസം) ഇരുപത്തി എട്ട് ദിവസങ്ങളിൽ നമ്മുടെ വെളുത്ത പക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്ത പക്ഷം പിതൃക്കൾക്ക് പകലുമാണ്.മനുഷ്യരുടെ മരണാനന്തരം ചന്ദ്ര ലോകത്തേയ്ക്കാണെന്നു ഉപനിഷത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിക്കഭിമുഖമല്ലാത്ത  ചന്ദ്രൻ്റെ മറുഭാഗത്താണ് പിതൃക്കളുടെ വാസമെന്നാണ് സങ്കല്പം.

അമാവാസി
അമാവാസിയുടെ അന്ന് ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലായിരിക്കുമല്ലോ? ഭൂമിക്കഭിമുഖമല്ലാത്ത ഭാഗത്ത് സൂര്യ രശ്മികൾ പതിയും .ചന്ദ്ര ലോകത്ത് പിതൃക്കൾ അമാവാസി നാളിൽ ചന്ദ്രോപരിതലത്തിൽ സൂര്യ രശ്മികൾ ഏറ്റ് നിർവൃതമാകുന്നുവെന്ന് കൂർമ്മ പുരാണം പറയുന്നു.

പിതൃക്കളുടെ മദ്ധ്യാഹ്നം
പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസി ആയതിനാൽ  പിതൃക്കൾക്ക് നല്കുന്ന ബലിയും പൂജയും എല്ലാം അമാവാസിയിൽ അനുഷ്ഠിക്കുന്നതാണ് ഉത്തമമെന്നാണ് ആചാര്യന്മാർ പറയുന്നത്. ചന്ദ്രമാസങ്ങളിൽ ചിങ്ങം മുതൽ പതിമൂന്നാമത്തെ അമാവാസിയാണ് കർക്കടക വാവ്.

ഭുമിയുടെ ഉത്തരധ്രുവ പ്രദേശത്ത്
ഭൂമിയുടെ ഉത്തര ധ്രുവ പ്രദേശത്ത് മേരു പർവ്വത നിരകളുണ്ട്. ദേവന്മാർ അവിടെ വസിക്കുന്നു എന്നാണ് സങ്കല്പം. ജ്യോതിശാസ്ത്ര പരമായി പറയുകയാണെങ്കിൽ സൂര്യൻ്റെ ദക്ഷിണായന വേളയിൽ തുലാം മാസത്തിലെ വിഷു ദിവസം ഭൂമദ്ധ്യരേഖ ഉത്തരധ്രുവിയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെയാവും തുടർന്നുള്ള ദക്ഷിണായന ദിനങ്ങളിലെ സൂര്യോദയം.  ആ സമയത്ത് ഉത്തര ധ്രുവിയർക്ക് സൂര്യാ ദർശനം സാദ്ധ്യമല്ലാതെ വരുന്നു.അതായത് തുലാം വർഷം മുതൽ മേട വിഷുവരെ ഉത്തരധ്രുവത്തിൽ രാത്രിയാണ്.

മേടവിഷു ദിനം
മേടവിഷു ദിനത്തിലെ ദേവന്മാർ സൂര്യനെ കിഴക്കേൽ ചക്രവാളത്തിൽ ഉദയം കൊണ്ടതായി കാണുന്നു. മേടവിഷു മുതൽ തുലാം വിഷു വരെ ഉത്തരധ്രുവത്തിൽ പകലും അനുഭവപ്പെടുന്നു.ഇക്കാലത്ത് മേടവിഷു കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞാലാണ് അവിടെ മദ്ധ്യാഹ്ന സമയം. അതായത് മേടം,ഇടവം, മിഥുനം എന്നീമാസങ്ങൾ കഴിഞ്ഞാൽ കർക്കിടക മാസമായി.

പിതൃ കർമ്മം
പിതൃ കർമ്മം ശ്രദ്ധാപൂർവ്വം നിർവ്വഹിക്കേണ്ടതും ദേവസാന്നിധ്യം കൊണ്ട് ഐശ്വര്യ പൂർണ്ണമാക്കേണ്ടതുമാണ്. നദി തീരവും കടൽ തീരവും ബലിതർപ്പണത്തിന് ഉത്തമമാണ്. എന്നാൽ ഭക്തിപൂർവ്വം സമർപ്പണത്തോടെ സ്വന്തം ഭവനങ്ങളിലും ബലി അർപ്പിക്കാവുന്നതാണ്.