ജോലി
മനുഷ്യ ജീവിതത്തിൽ വായു, ജലം, ഭക്ഷണം, പാർപ്പിടം, ആരോഗ്യം ഇവയോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ജോലി. ജോലിയിൽ നിന്നുള്ള വരുമാനമാണ് ജീവിതത്തിൻ്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്ന്. എന്നാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ഒരു നല്ല ജോലി ലഭിക്കാതെ ഒരു വിഭാഗം കഷ്ടപ്പെടുമ്പോൾ അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവർ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നു. യഥാർത്ഥത്തിൽ ഇതാണ് കർമ്മയോഗം എന്നു പറയുന്നത്. എന്നു വച്ച് കർമ്മയോഗം ഉണ്ടെന്നും പറഞ്ഞാൽ ജോലി ലഭിക്കില്ല. ജോലി ലഭിക്കണമെങ്കിൽ നന്നായി ശ്രമിക്കണം (കർമ്മം ചെയ്യുക നിരന്തരം  കർമ്മഫലം തരും ഈശ്വരൻ ) .വിദ്യാഭ്യാസം ഉള്ളതു കൊണ്ടു മാത്രം ജോലി ലഭിക്കില്ല. ഒന്നാമതായി ജോലി കിട്ടാനുള്ള പരിശ്രമം, രണ്ടാമതായി സർട്ടിഫിക്കറ്റ് ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല. ആ വിഷയത്തെക്കുറിച്ച് കൂടുതലായി അറിഞ്ഞിരിക്കണം, കൂടാതെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൊതുവിജ്ഞാനം (General Knowledge).ഏതു ജോലിയിലും ഇത് വളരെ അത്യാവിശ്യമായ ഘടകമാണ്. മൂന്നാമതായി  സമർപ്പണത്തോടെയുള്ള ഈശ്വര വിശ്വാസവും പ്രാർത്ഥനയും ഉണ്ടായിരിക്കണം. മേൽ പറഞ്ഞ എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടു തന്നെ പ്രവർത്തിച്ചിട്ടും പ്രയോജനമില്ലാതെ വരുമ്പോഴാണ് ജാതകൻ്റെ ജാതകത്തിലെ യോഗത്തെക്കുറിച്ച് ചിന്തിക്കുന്നത്.

ജാതകൻ്റെ ജാതകത്തിലെ ജോലി യോഗം
ജ്യോതിശാസ്ത്ര പരമായി ജാതകൻ്റെ കർമ്മഭാവം പത്താം ഭാവമാണ്.പത്താം ഭാവത്തിൽ നില്ക്കുന്ന ഗ്രഹം മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ടാദികൾ, ജാതകൻ്റെ ദശാസന്ധി ,ദൈവാധീനം, പരിശ്രമം ഇവ ജോലി ലഭിക്കുന്നതിനുള്ള ഘടകങ്ങളാണ്.

ജോലി ലഭിക്കുന്ന യോഗങ്ങൾ 
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ പത്താം ഭാവം ബലവാനായി സൂര്യനോ അല്ലെങ്കിൽ പത്താം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ബന്ധു ക്ഷേത്രത്തിൽ സൂര്യനോട് യോഗം ചെയ്തു നിന്നാൽ  ജാതകന് സർക്കാർ മേഖലയിൽ നല്ല ജോലി ലഭിക്കും.

അഞ്ചാം ഭാവത്തിൻ്റെ അധിപൻ
ജാതകത്തിൽ അഞ്ചാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ഒമ്പതാം ഭാവത്തിൻ്റെ അധിപനോട് യോഗം ചെയ്ത് ഒമ്പത് ,പത്ത്, പതിനൊന്ന് ഈ ഭാവങ്ങളിൽ നിന്നാൽ ജാതകന് വ്യവസായിക മേഖലയിൽ നല്ല ജോലി ലഭിക്കും. സമ്പത്തും പ്രശസ്തിയും ഉണ്ടാകും.

അഞ്ചാം ഭാവത്തിൽ ബുധനും വ്യാഴവും
ഒരു ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ അഞ്ചാം ഭാവത്തിൽ ബുധൻ ,സൂര്യൻ എന്നീ ഗ്രഹങ്ങൾ ബന്ധു ക്ഷേത്രമായ കർക്കിടകം രാശിയിൽ സ്ഥിതി ചെയ്താൽ പദവിയുള്ള ഉയർന്ന ജോലി ലഭിക്കും.

ലഗ്നത്തിൽ രാഹു
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ലഗ്നം മിഥുനമായിരിക്കുകയും രാഹു അവിടെ ഒറ്റക്ക് സ്ഥിതി ചെയ്യുകയും അഞ്ചാം ഭാവത്തിൽ ബലവാനായി വ്യാഴം നില്ക്കുകയും പത്താം ഭാവം കർക്കിടക രാശി ആയി വരുകയും അവിടെ സൂര്യൻ നില്ക്കുകയും ചെയ്താൽ ജാതകന് ഉയർന്ന നിലയിലുള്ള ജോലി ലഭിക്കുകയും പ്രശസ്തി ഉണ്ടാകുകയും ചെയ്യും.

ചന്ദ്രൻ്റെ നാലാം ഭാവം
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ചന്ദ്രൻ്റെ നാലാം ഭാവമായി മിഥുനം രാശി വരികയും അവിടെ ശുക്രനും പത്താം ഭാവമായി ചിങ്ങം രാശി വരികയും അരിടെ വ്യാഴം നില്ക്കുകയും ചെയ്താൽ  ജാതകന് നല്ല ജോലി ലഭിക്കും.
 
ആറാം ഭാവത്തിൽ ശനിയും പത്തിൽ സൂര്യനും നിന്നാൽ
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ വ്യാഴം ലഗ്നമായി മീനം രാശിയിൽ നില്ക്കുകയും ആറാം ഭാവം കുംഭം ആയി വരികയും അവിടെ ശനി നില്ക്കുകയും പത്താം ഭാവം ചിങ്ങം ആയി വരികയും അവിടെ സൂര്യൻ നില്ക്കുകയും ചെയ്താൽ ജാതകൻ ആഗ്രഹിച്ച ജോലി തന്നെ ലഭിക്കും.  ജോലിയിൽ പ്രശസ്തി ഉണ്ടാകുകയും ചെയ്യും.

ആറാം ഭാവത്തിൽ വ്യാഴം
ജാതകൻ്റെ  ജാതകത്തിലെ ഗ്രഹനിലയിൽ ആറാം ഭാവം ധനു ക്ഷേത്രമായി വരികയും അവിടെ വ്യാഴം നില്ക്കുകയും കൂടെ സൂര്യൻ യോഗം ചെയ്തു നില്ക്കുകയും ചെയ്താൽ  ജാതകന് വളരെ ദൂരെയായിരിക്കും ജോലി ലഭിക്കുന്നത്.

ലഗ്നത്തിൽ ശുക്രൻ നിന്നാൽ
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ തുലാം ക്ഷേത്രം ലഗ്നമായി വരികയും അവിടെ ശുക്രൻ നില്ക്കുകയും മൂന്നാം ഭാവത്തിൽ വ്യാഴം നില്ക്കുകയും ചെയ്താൽ ജാതകന് നല്ല അലച്ചിലുള്ള ജോലിയായിരിക്കും ലഭിക്കുക. എന്നാൽ  ജാതകൻ ജോലിയിൽ നിന്നും സമ്പന്നനാകും

സേനകളിൽ ജോലി
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ മേടം ലഗ്നമായി വരികയും അവിടെ ചൊവ്വ നില്ക്കുകയും പത്താം ഭാവം ബലവാനായി ശനി നില്ക്കുകയും ചെയ്താൽ ജാതകന് സേനകളിൽ ജോലി ലഭിക്കും.

ഒൻപതാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ഒൻപതാം ഭാവം കർക്കടകമായി വരികയും അവിടെ ചന്ദ്രൻ നില്ക്കുകയും പത്താം ഭാവത്തിൽ വ്യാഴം നില്ക്കുകയും ചെയ്താൽ ജാതകന് നല്ല ജോലി ലഭിക്കും.