എന്താണ് വിവാഹ വിഷയത്തിലെ പാപസാമ്യം?
സ്ത്രീയും പുരുഷനും തമ്മിൽ വിവാഹിതരാകുന്നതിനു മുമ്പ് ഇരുവരുടെയും നക്ഷത്രങ്ങൾ തമ്മിൽ പൊരുത്തം നോക്കുന്നതു പോലെ തന്നെ ജാതകങ്ങൾ തമ്മിലുള്ള ചേർച്ചയും നോക്കണം. ഇതാണു പാപസാമ്യം നോക്കൽ.

പാപ ജാതകം ചിന്തിക്കേണ്ടത് ഏതൊക്കെ ഭാവങ്ങളിൽ
പുരുഷൻ്റെയോ സ്ത്രീയുടെയോ ജാതകത്തിൻ്റെ ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും ശുക്രനിൽ നിന്നും പന്ത്രണ്ട്, രണ്ട്, നാല്, ഏഴ്, എട്ട്, ലഗ്നം എന്നീ ഭാവങ്ങളിൽ പാപങ്ങൾ ആരെങ്കിലും പരിഹാരമില്ലാതെ നില്ക്കുന്നുവെങ്കിൽ ഇതുമായി പാപസാമ്യമുള്ള ജാതകം മാത്രമേ ചേർക്കാൻ പാടുള്ളു.

വിവാഹം
വിവാഹ പൊരുത്തങ്ങളെ സംബന്ധിച്ചും വിവാഹ തടസങ്ങളെ സംബസിച്ചും വളരെ ലളിതമായി ഈ വെബ് സൈറ്റിലെ വിവാഹം എന്ന ലേബലിൽ ലഭ്യമാണ്.

വിവാഹ പൊരുത്തം
വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീ പുരുഷന്മാർക്കും ജന്മനക്ഷത്രങ്ങൾ തമ്മിൽ ചേർച്ചയുണ്ടോ എന്നറിയനായിട്ടാണ് വിവാഹപൊരുത്തം നോക്കുന്നത്.

വിവാഹ പൊരുത്തങ്ങൾ പത്തു വിധം
വിവാഹ പൊരുത്തങ്ങൾ സാധാരണയായി പത്തു വിധമാണ്  രാശി, രാശ്യാധിപൻ, വശ്യം, മഹേന്ദ്രം, ഗണം, യോനി, സ്ത്രീ ദീർഘം, ദിനം, മധ്യമ രജ്ഞു, വേധം ഇവയാണ് പത്തു പൊരുത്തങ്ങൾ. ഈ പത്തു പൊരുത്തങ്ങളിലെ ഗുണഫലങ്ങൾ താഴെ ചേർക്കുന്നു.

രാശി പൊരുത്തം ഉത്തമം ആയാൽ
രാശി - സ്ത്രീയുടെ ജന്മക്കൂറിൽ നിന്ന് രണ്ടാമത്തേതോ മൂന്നാമത്തേതോ അഞ്ചാമത്തേതോ ആറാമത്തേതോ ആണു പുരുഷൻ്റെ ജന്മക്കൂറെങ്കിൽ രാശിപ്പൊരുത്തം, ദോഷം മറ്റുള്ളവ ഉത്തമം. ഇതിൽ തന്നെ നാല്, എട്ട് കൂറുകൾ വരുന്നതു മധ്യമമാണ്. ഒരേ ജന്മക്കൂറിൽ വ്യത്യസ്ത നക്ഷത്രങ്ങളാണു സ്ത്രീ പുരുഷന്മാരുടേതെങ്കിൽ ഉത്തമമാണ്.

രാശ്യാധിപ പൊരുത്തം
സ്ത്രീ പുരുഷന്മാരുടെ ജന്മക്കൂറുകളുടെ അധിപന്മാർ പരസ്പരം ബന്ധുക്കളായി വരികയോ ഒരോ ഗ്രഹം തന്നെയാകുകയോ ചെയ്താൽ രാശ്യാധിപൻ എന്ന പൊരുത്തം ഉത്തമമാകുന്നു. രാശ്യാധിപൻമാർ പരസ്പരം ശത്രുക്കളായിരുന്നാൽ ഈ പൊരുത്തം അധമമാകും.
 
വശ്യ പൊരുത്തം
പന്ത്രണ്ടു രാശികളിൽ ഓരോന്നിനും പ്രത്യേക ആകർഷകത്വമുള്ളവയായി ഏതാനും രാശികളെ നിശ്ചയിച്ചിട്ടുണ്ട്. ഇവയെ വശ്യ രാശികളെന്നു പറയുന്നു.  മേടത്തിന് ചിങ്ങം വൃശ്ചികം, ഇടവത്തിന് കർക്കടകം തുലാം, മിഥുനത്തിന് കന്നി, കർക്കടകത്തിന് തുലാം, ധനു ചിങ്ങത്തിന് തുലാം, കന്നിക്കു മിഥുനം മീനം, തുലാത്തിനു മകരവും കന്നിയും, വൃശ്ചികത്തിനു കർക്കടകം, ധനുവിനു മീനം ,മകരത്തിനു കുംഭം മേടം, കുംഭത്തിനു മേടം, മീനത്തിനു മകരം എന്നിങ്ങനെയാണ് വശ്യ രാശികൾ. സ്ത്രീയുടെയും പുരുഷൻ്റേയും ജന്മക്കൂറുകൾ അങ്ങോട്ടോ ഇങ്ങോട്ടോ വശ്യ രാശികളിൽ പെടുമെങ്കിൽ ഈ പൊരുത്തം ഉത്തമം.

മാഹേന്ദ്ര പൊരുത്തം
സ്ത്രീയുടെ ജന്മ നക്ഷത്രത്തിൻ്റെയോ അനുജന്മ നക്ഷത്രത്തിൻ്റെയോ നാലാമത്തെയോ ഏഴാമത്തെയോ പത്താമത്തെയോ നാളിൽ പുരുഷൻ ജനിച്ചാൽ മാഹേന്ദ്രപ്പൊരുത്തം ഉത്തമം ആണ്.

ഗണപ്പൊരുത്തം
ഇരുപത്തി ഏഴ് നക്ഷത്രങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് .ദേവഗണം, മാനുഷ്യഗണം, അസുരഗണം എന്നിങ്ങനെ അശ്വതി, മകയിരം, പുണർതം ,പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി എന്നീ ഒൻപത് നക്ഷത്രങ്ങൾ  ദേവഗണം, ഭരണി, രോഹിണി, തിരുവാതിര, പൂരം, പൂരാടം, പൂരുരുട്ടാതി ,ഉത്രം, ഉത്രാടം, ഉത്തൃട്ടാതി എന്നീ ഒൻപത് നക്ഷത്രങ്ങൾ മാനുഷ്യഗണം, ബാക്കിയുള്ള കാർത്തിക, ആയില്ല, മകം, ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം എന്നീ നക്ഷത്രങ്ങൾ അസുരഗണവും ആകുന്നു. സ്ത്രീയും പുരുഷനും ഒരേ ഗണത്തിൽ പെട്ടവരാണെങ്കിൽ പൊരുത്തം ഏറ്റവും ഉത്തമം. ദേവഗണത്തിൽ ജനിച്ച പുരുഷന് മാനുഷ്യഗണത്തിൽ പെട്ട സ്ത്രീ ഉത്തമമാണ്. അസുരഗണത്തിൽ ജനിച്ച സ്ത്രീക്ക് ദേവഗണത്തിലോ മാനുഷ്യഗണത്തിലോ ജനിച്ച പുരുഷന്മാർ ഉത്തമമല്ല. അസുരഗണത്തിൽ ജനിച്ച പുരുഷന് മാനുഷ്യഗണത്തിൽ ജനിച്ച സ്ത്രീയെ മധ്യമമായി എടുക്കാം. മനുഷ്യഗണത്തിൽ ജനിച്ച പുരുഷന് ദേവഗണത്തിൽ ജനിച്ച സ്ത്രീ ഉത്തമമല്ല.

നക്ഷത്ര യോനിപ്പൊരുത്തം
ഇരുപത്തി ഏഴ് നക്ഷത്രങ്ങളിൽ പതിനാല് എണ്ണത്തെ പുരുഷ നക്ഷത്രങ്ങളായും പതിമൂന്ന് എണ്ണത്തെ സ്ത്രീ നക്ഷത്രങ്ങളായും കണക്കാക്കുന്നു. ചോതി, വിശാഖം, അശ്വതി, ഭരണി, ഉത്രം, പൂരുരുട്ടാതി, പൂയം, ആയില്യം, മകം, തൃക്കേട്ട ,മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നിവ പുരുഷ നക്ഷത്രങ്ങൾ. മറ്റുള്ളവ സ്ത്രീ നക്ഷത്രങ്ങളും. ഇതിനെ അടിസ്ഥാനമാക്കി നോക്കുന്ന പൊരുത്തമാണ് യോനിപ്പൊരുത്തം. സ്ത്രീയും പുരുഷനും ഒരോ വിഭാഗത്തിൽപ്പെടുന്ന നക്ഷത്രക്കാരാണെങ്കിൽ ഈ പൊരുത്തം ഉത്തമമാണ്. സ്ത്രീയുടേതു പുരുഷ നക്ഷത്രവും പുരുഷൻ്റെ സ്ത്രീ നക്ഷത്രവും ആണെങ്കിൽ പൊരുത്തം അധമം ആണ്. രണ്ടു പേരും സ്ത്രീ നക്ഷത്രത്തിൽ ജനിച്ചവരാണെങ്കിൽ മധ്യമമായി എടുക്കാം. രണ്ടും പേരും പുരുഷ നക്ഷത്രമാണെങ്കിൽ നന്നല്ല.
                                                   തുടരും.......