പൊതുവെ എന്തു പ്രശ്നങ്ങൾ ഉണ്ടായാലും പഴിചാരുന്നത് ശനി ഗ്രഹത്തെയാണ്. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല. ചില ഭാവങ്ങളിൽ ശനി അനുകൂലമായി നിന്നാൽ വളരെ ഗുണകരമാണ്.
ശനി സൗരയുഥത്തിൽ
സൂര്യനിൽ നിന്നും ഏറ്റവും ഉയരത്തിലും അകലത്തിലും സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. സൂര്യനിൽ നിന്നും ശനി ഗോളത്തിലേയ്ക്കുള്ള ശരാശരി ദൂരം എൺപത്തി എട്ടു കോടി എഴുപത്തി രണ്ടു ലക്ഷം മൈലാണ്. വലിപ്പമനുസരിച്ച് അതിൻ്റെ വ്യാസം എഴുപത്തിയോരായിരത്തി അഞ്ഞൂറ് മൈലാണ്.
ശനി ഗ്രഹത്തിൻ്റെ സഞ്ചാര സമയം
സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതി ചെയ്യുന്ന ശനിയാണല്ലോ? അതിനാൽ അതിൻ്റെ സഞ്ചാര പഥവും വളരെ ദൈർഘ്യമേറിയതായിരിക്കും. പന്ത്രണ്ടു രാശികളും തരണം ചെയ്ത് സൂര്യനെ ഒന്നു കീഴ്മേൽ പ്രദക്ഷിണം ചെയ്യുന്നതിന് ശനി എടുക്കുന്ന സമയം ഇരുപത്തി ഒൻപത് (29) വർഷം അഞ്ചര മാസമാണ്.
ശനിയുടെ വേഗം
ശനി തൻ്റെ സഞ്ചാരപഥത്തിൽ കൂടി ഒരു മിനിറ്റിൽ 360 മൈൽ വേഗത്തിലാണ് നീങ്ങുന്നത്.
ഏഴരശ്ശനി
ജാതകത്തിൽ ശനി ജന്മ ലഗ്നത്തിലും ലഗ്നത്തിൻ്റെ പന്ത്രണ്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും ഇങ്ങനെ മൂന്നു രാശികളിൽ തുടർച്ചയായി സഞ്ചരിക്കുന്ന കാലത്തിനാണ് ഏഴരശ്ശനി എന്നു പറയുന്നത്. ശനി ഒരു രാശിയിൽ നില്ക്കുന്ന കാലദൈർഘ്യം രണ്ടര വർഷമാണ്. അത് അനുസരിച്ച് മൂന്നു രാശികളിലും ഏഴര ശനി തുടർച്ചയായി സഞ്ചരിക്കുന്നതു കൊണ്ടാണ് ആ കാലത്തിന് ഏഴര ശനി എന്നു പേര് ലഭിച്ചത്.
ഏഴരശ്ശനി കാലത്തെ ഫലങ്ങൾ
ഏഴരശ്ശനി കാലത്താണ് അന്യദേശവാസം, സ്ഥാനചലനം, സ്വജ്ജനങ്ങളുടെ വിരോധം, അലച്ചിൽ, ധനഹാനി, ദാരിദ്രം, വിരഹം, നിരാശതാബോധം, എല്ലാ കാര്യങ്ങൾക്കും തടസം എന്നിത്യാദി ബഹുവിധങ്ങളായ ക്ലേശങ്ങൾ, തുടങ്ങിയവ ഏഴരശ്ശനി കാലത്തു സംഭവിക്കാറുണ്ട്.
ഏറ്റവും കഷ്ടമായ സമയം
ഏഴരശ്ശനിയുടെ ഏറ്റവും കഷ്ടമായ സമയം ജന്മ രാശിയിൽ ശനി നില്ക്കുന്ന കാലമാണ്. അതിന് ജന്മശനി എന്നും പറയും. കഷ്ടത ഏറ്റവും കുറഞ്ഞ കാലം ഒടുവിലത്തെ രണ്ടര വർഷവുമാണ് (ജന്മക്കൂറിൻ്റെ രണ്ടാം ഭാവത്തിൽ ശനി സഞ്ചരിക്കുന്ന കാലം).
എന്താണ് കണ്ടകശനി?
ജാതകൻ്റെ ജന്മക്കൂറിൻ്റെ നാല്, ഏഴ്, പത്ത് ഈ കേന്ദ്ര ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലത്തിനാണ് കണ്ടകശനി എന്നു പറയുന്നത്. കണ്ടകശനി എന്ന പേരു കേൾക്കുമ്പോൾ തന്നെ ആ കാലത്തിൻ്റെ ഭയങ്കരത ഏറെക്കുറെ മനസ്സിലാക്കാം."കണ്ടകൻ കൊണ്ടേ പോകു" എന്നൊരു ചൊല്ലു കൂടി ഉണ്ട്. എന്നാൽ കണ്ടകശനി കൊല്ലുകയില്ല കൊല്ലാതെ കൊല്ലും എന്നു മാത്രം.
കണ്ടകശനിയുടെ ഫലം
ജാതകത്തിൽ ജന്മലഗ്നത്തിൻ്റെ നാലാം ഭാവ രാശിയിൽ ശനി സഞ്ചരിക്കുന്ന കാലം കുടുംബ കലഹം, ബന്ധുക്കളുടെ ദോഷം, അന്യദേശഗമനം, മാതൃ പിതൃ ദുരിതം, ഭാര്യ പുത്രാദികൾക്ക് അരിഷ്ടത, തുടങ്ങിയ ഫലങ്ങളുണ്ടാവും.
ഏഴാം ഭാവത്തിൽ ശനി സഞ്ചരിക്കുന്ന കാലം
ജാതകത്തിൽ ഏഴാം ഭാവ രാശിയിൽ ശനി സഞ്ചരിക്കുന്ന കാലം തൊഴിൽതടസ്സം അതേ തുടർന്നുള്ള കഷ്ടാനുഭവങ്ങൾ. കാര്യങ്ങൾക്ക് ഒന്നിനും ഒരു ഉയർച്ച ഉണ്ടാകാതിരിക്കുക ഇത്യാദി ദോഷഫലങ്ങൾ ഉണ്ടാകും.
അഷ്ടമശനി
ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന മറ്റൊരു സ്ഥാനമാണ് ജാതകത്തിലെ ജന്മക്കൂറിൻ്റെ എട്ടാം ഭാവത്തിൽ ശനി സഞ്ചരിക്കുന്ന കാലം. ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലും തുടർച്ചയായി ശനി സഞ്ചരിക്കുന്ന കാലവും കണ്ടകശനിയായി കണക്കാക്കാറുണ്ട്.
അഷ്ടമശനിയുടെ ഫലങ്ങൾ
രോഗം, ദുരിതം, ദാരിദ്ര്യം അല്ലെങ്കിൽ പണമില്ലായ്മ, കടബാദ്ധ്യത, ബന്ധുക്കളുടെ വിരോധം, തൊട്ടതിൽ ഒക്കെ പരാജയം, ദൈവാധീന കുറവ്, സ്ഥാനചലനം, മന:ക്ലേശം, കളത്രപുത്രാദികളെ സംബന്ധിച്ചുള്ള ക്ലേശം എന്നിത്യാദികൾ ആകുന്നു ഫലം.
ഗുളികൻ്റെ ജനനം
മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ ജ്യോതിശാസ്ത്ര പരമായ കാര്യങ്ങളാണ്. എന്നാൽ നവഗ്രഹങ്ങളിൽ പാപി എന്നറിയപ്പെടുന്ന ശനി ഗ്രഹത്തിൻ്റെ പുത്രനായ ഗുളിക ഗ്രഹത്തിൻ്റെ ജനനത്തെക്കുറിച്ചുള്ള പുരാണ കഥ താഴെ ചേർത്തു കൊള്ളുന്നു.
ശനിയുടെ ദൃഷ്ടി
നവഗ്രഹങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് ശനി ഗ്രഹത്തെയാണ്. അതു പോലെ തന്നെ ശനീശ്വരൻ എന്ന് അറിയപ്പെടുന്നതും ശനി ഗ്രഹത്തെയാണ്. ശനി ഗ്രഹത്തിൻ്റെ ദൃഷ്ടിക്ക് എല്ലാവരും ഒരു പോലെയാണ്. വേർതിരിവില്ല.
ശനിയെ ഭയക്കേണ്ടതില്ല
ശനിയെ എല്ലാവർക്കും ഭയമാണ്. യഥാർത്ഥത്തിൽ ശനി ഗ്രഹത്തിനെ അങ്ങനെ ഭയക്കേണ്ടതില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനും ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും ആണ്.
ശനിയുടെ യാത്ര
ജ്യോതിഷഗണിതം അനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെ പോലെ അല്ല. സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷ കാലം ഉണ്ടാകും.പന്ത്രണ്ട് രാശികളും തരണം ചെയ്ത് ഒരു തവണ ചുറ്റി വരാൻ ശനിക്ക് ഏകദേശം മുപ്പതിനോട് അടുത്ത് വർഷങ്ങൾ വേണ്ടി വരുമെന്നുള്ളത് ആണ് സത്യം. നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്നത് ശനിയാണ്.
മുപ്പത് വർഷം
മുപ്പത് വർഷമെന്നത് ഒരു മനുഷ്യൻ്റെ ആയുസിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദ്ധഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും അതിജീവിക്കേണ്ടി വരുമല്ലോ? അതു കൊണ്ടാണ് ശനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെന്ന് പറയുന്നത്. ശനീശ്വരൻ മുടന്തനായതു കൊണ്ടാണ് പതുക്കെ സഞ്ചരിക്കുന്നത്.
ശനിദേവൻ്റെ പുത്രനായ ഗുളികൻ്റെ ജനനം
ലങ്കാധിപതിയായ രാവണൻ്റെ പത്നി ഗർഭിണിയായി. തൻ്റെ ഭാര്യ പ്രസവിക്കുന്നത് ഒരു സൽപുത്രൻ ആയിരിക്കണം എന്നും അതിനായി തൻ്റെ പത്നിയുടെ പ്രസവ സമയത്ത് എല്ലാ ഗ്രഹങ്ങളും( നവഗ്രഹങ്ങൾ ) ശുഭ സ്ഥാനത്തു തന്നെ വന്നു ഭവിക്കണം എന്നും രാവണൻ ആഗ്രഹിച്ചിരുന്നു. ഈ കാര്യം രാവണൻ മുൻകൂട്ടി നവഗ്രഹങ്ങളെ അറിയിച്ചിരുന്നു. എന്നാലും പ്രസവ സമയത്ത് നവഗ്രഹങ്ങൾ തനിക്ക് അനുകൂലമായി പ്രവർത്തിച്ചില്ല എങ്കിലോ? എന്ന സംശയം രാവണനിൽ ബലപ്പെട്ടിരുന്നു.
നവഗ്രഹങ്ങളെ ബന്ധിച്ച രാവണൻ
അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെ പിടിച്ചു കെട്ടി. തനിക്ക് എന്നും കാണാവുന്ന രീതിയിൽ കൊട്ടാരവാതിൽപ്പടിയിൽ തന്നെ ബന്ധിച്ചു. അഹങ്കാരിയായ രാവണൻ എല്ലാ ദിവസവും നവഗ്രഹങ്ങളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. രാവണൻ്റെ ശക്തിക്ക് മുന്നിൽ നവഗ്രഹങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. എന്നാൽ കുപിതനായ ശനി തൻ്റെ ദേഹത്തെ വിയർപ്പും പൊടിപടലങ്ങളും അഴുക്കും ചേർത്ത് ചെറിയ ഗുളിക രൂപത്തിലാക്കി തൻ്റെ ദിവ്യശക്തിയും ചേർത്ത് രാവണപുത്രനായ ഇന്ദ്രജിത്തിൻ്റെ ജനന സമയത്ത് കൃത്യമായി നവജാത ശിശുവിൻ്റെ അശുഭ സ്ഥാനത്തെറിഞ്ഞു.
ഗുളികൻ
ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണ് രാവണൻ്റെ കണ്ണു വെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ.
ആയുസിൻ്റെ കാരകൻ
ശനിഗ്രഹം ആയുസിൻ്റെ കാരകനാണ്. പിന്നെ ശനിയുടെ പുത്രനായ ഗുളികൻ്റെ കാര്യം പറയണോ? ഗുളികൻ ഏതു ഭാവത്തിൽ നിലക്കുന്നുവോ ആ ഭാവത്തിൻ്റെ അധിപനാണ്.
ഇന്ദ്രജിത്ത്
അതു കൊണ്ടാണ് ഇന്ദ്രജിത്ത് അതിശക്തനും ആയോധനകലകളിൽ പരാക്രമിയായിട്ടും അൽപ്പായുസ്സ് ആയത്.
രാവണൻ
ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തൻ്റെ ചന്ദ്രഹാസം കൊണ്ട് ശനിയുടെ കാലിന് വെട്ടി. അങ്ങനെയാണ് ശനി മുടന്തനായത് എന്നാണ് കഥ.
1 Comments
Ayyo
ReplyDeleteif you have any dobt, comment