വിവാഹം
വിവാഹം എന്നു നടക്കും എന്ന് കൃത്യമായി അറിയാൻ ജാതകൻ്റെ കൃത്യമായ ജനന തീയതിയും സമയവും ആവശ്യമാണ്. പറയുന്ന തീയതിയിലോ സമയത്തോ വ്യത്യാസം വന്നാൽ ജാതകനെ കുറിച്ച് പറയുന്ന കാര്യത്തിലും വ്യത്യാസം വരും.

നാളുകൾ തമ്മിലുള്ള പൊരുത്തം
നാളുകൾ തമ്മിലുള്ള പൊരുത്തത്തെക്കാൾ മുൻതൂക്കം രണ്ട് വ്യക്തികൾ തമ്മിലുള്ള                           മന: പൊരുത്തമാണ്.

നാളു നോക്കാത്ത വിവാഹങ്ങൾ
കുറച്ചു വിഭാഗം ആൾക്കാർ മാത്രമേ നാളു നോക്കി വിവാഹം കഴിക്കാറുള്ളു. ബാക്കിയുള്ളവർ മറ്റു ഘടകങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നു. ഏതൊരു പ്രശ്നങ്ങൾക്കും പരിഹാരമാണ് പരസ്പര വിശ്വാസവും സ്നേഹവും ഈശ്വരനിൽ ഉള്ള സമർപ്പണവും (ഈശ്വരവിശ്വാസം എന്നാൽ ക്ഷേത്രങ്ങളിലോ മറ്റ് ആരാധനാലയങ്ങളിലോ പോയി വലിയ വഴിപാട് നടത്തുക എന്നുള്ളതല്ല) മറ്റുള്ളവരെ സഹായിച്ചില്ലെങ്കിലും വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ഉപദ്രവിക്കാതിരിക്കുക.പൊങ്ങച്ചം പറയുന്നതും നുണ പറയുന്നതും കഴിയുന്നത്ര കുറയ്ക്കുക. മറ്റുള്ളവരെ പരിഹസിക്കാതിരിക്കുക, മറ്റുള്ളവരുടെ മുതൽ ആഗ്രഹിക്കാതിരിക്കുക സ്വന്തം വരുമാനത്തിനനുസരിച്ച് മാത്രം ചിലവാക്കുക. പൊങ്ങച്ചം എപ്പോഴും അപകടത്തിൽ ചെന്നു ചാടും. നാളെ എന്തു സംഭവിക്കുമെന്ന് നമുക്കറിയില്ല.

ജ്യോതിശാസ്ത്രത്തിലെ സത്യം
ജ്യോതിശാസ്ത്രം സത്യസന്ധമായ ഒരു ശാസ്ത്രമാണ്. അഞ്ചോ ആറോ വർഷങ്ങൾ കൊണ്ട് പൂർണ്ണമായി പഠിച്ചു തീരുന്ന ഒരു ശാസ്ത്രമല്ല ജ്യോതിശാസ്ത്രം. ഇന്ന് അത് എളുപ്പത്തിൽ പണം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി മാറിയിരിക്കുന്നു.
 
ചൊവ്വാ ദോഷം
ജാതകൻ സ്ത്രീയായാലും പുരുഷനായാലും ജാതകത്തിലെ ലഗ്നത്താലും ചന്ദ്രനാലും ശുക്രനാലും ഒന്ന്, രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട്, എന്നീ ഭാവങ്ങളിൽ പാപങ്ങളായ 'രാഹു, രവി, ശനി, ചൊവ്വ, എന്നിവ നില്ക്കുന്നത് നല്ലതല്ല.

വിവാഹ കാര്യങ്ങളിൽ
മറ്റ് പാപ ഗ്രഹങ്ങളെ അപേക്ഷിച്ച് ചൊവ്വയാണ് വിവാഹ കാര്യങ്ങളിൽ പ്രാധാന്യം അർഹിക്കുന്നത്. സ്ത്രീ- പുരുഷ ജാതകത്തിൽ ലഗ്നാത്താലോ ചന്ദ്രനാലോ ശുക്രനാലോ ഒന്ന്, രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ ചൊവ്വ നിന്നാൽ പാപമാണ്. ഈ പാപ ദോഷത്തെയാണ് ചൊവ്വാദോഷം എന്നു പറയുന്നത്.

ലഗ്നാൽ ചൊവ്വ
ലഗ്നാൽ ഒന്ന് ,രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ആറ് ഭാവങ്ങളിൽ ചൊവ്വ വന്നാൽ ദോഷമാണ്.

ശുക്രനാൽ ചൊവ്വ
ജാതകത്തിൽ ശുക്രൻ്റെ ഒന്ന്, രണ്ട്, നാല് ഏഴ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളിൽ ചൊവ്വാ വന്നാലും ദോഷമാണ്.

ചന്ദ്രനാൽ ചൊവ്വാ
ചന്ദ്രൻ്റെയും ഒന്ന് രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട്  ഭാവങ്ങളിൽ ചൊവ്വ നിന്നാലും ചൊവ്വാ ദോഷമാണ്.

ഭാവങ്ങളുടെ പ്രാധാന്യം (ആയുസ്സ്)
രണ്ടാം ഭാവത്തിൽ പാപ ഗ്രഹമായ ചൊവ്വ നിന്നാൽ അതിൻ്റെ ഏഴിലേയ്ക്കുള്ള ദൃഷ്ടി ലഗ്നത്തിൻ്റെ അഷ്ടമം ആയിരിക്കും. അഷ്ടമം സ്ത്രീക്ക് മംഗല്യ സ്ഥാനമാണ്. സ്ത്രീക്കും പുരുഷനും ഇത് ആയുർ സ്ഥാനവുമാണ്. അതുകൊണ്ട് അഷ്ടമത്തിലേക്കുള്ള പാപൻ്റെ വീക്ഷണം ആയുസ്സിന് ദോഷം ചെയ്യും.

പരിഹാരം
മിക്ക ജാതകങ്ങളിലെയും ചൊവ്വാ ദോഷത്തിന് പരിഹാരം ഗ്രഹനിലയിൽ തന്നെയുണ്ട്.

ചില ഉദാഹരണങ്ങൾ മാത്രം
കർക്കിടകം, ചിങ്ങം, ധനു, മീനം, എന്നീ ലഗ്നങ്ങളിൽ ജനിച്ചവർക്ക് ചൊവ്വാ യോഗ കാരകനാണ്. പാപം ചെയ്യില്ല.
2. മേടം, വൃശ്ചികം, രണ്ടാം ഭാവമായി ചൊവ്വാ നിന്നാലും ഇടവം, തുലാം, നാലാം ഭാവമായി ചൊവ്വാ നിന്നാലും കന്നി, തുലാം, പന്ത്രണ്ടാം ഭാവമായി ചൊവ്വാ നിന്നാലും ഏഴിലോ, എട്ടിലോ, പാപഗ്രഹം നിന്നാലോ ഒൻപതിൽ ശുക്രൻ നിന്നാലോ ചൊവ്വായ്ക്ക് ദോഷമുണ്ടാകില്ല.
3. രണ്ടിൽ ചന്ദ്രനും, ശുക്രനും നിന്നാലും ചൊവ്വയെ വ്യാഴം വീക്ഷിച്ചാലും രാഹുകേന്ദ്രത്തിൽ നിന്നാലും ചൊവ്വായും രാഹുവും യോഗം ചെയ്തു നിന്നാലും ദോഷം ഉണ്ടാകില്ല.
4 ജാതകത്തിൽ ശനി ,രാഹു, കേതു, ഈ മൂന്നു ഗ്രഹങ്ങൾ ചൊവ്വയുമായി യോഗം ചെയ്തു നിന്നാൽ ചൊവ്വാ ദോഷ പരിഹാരമാണ്.
5 ജാതകത്തിൽ ലഗ്നം മേടത്തിലും ധനു പന്ത്രണ്ടിലും വൃശ്ചികം നാലിലും ഇടവം ഏഴിലും കുംഭം എട്ടിലും നിന്നാലും ചൊവ്വാ ദോഷ പരിഹാരമാണ്.
6 ജാതകത്തിൽ ചൊവ്വാ ,ഗുരു, ചന്ദ്രൻ, ചൊവ്വയോ ഗുരുവോ, ശുക്രനോ ലഗ്നത്തിൽ നിൽക്കുക ഈ ഗ്രഹനിലകളിലും ചൊവ്വാ ദോഷം ബാധകമല്ല.
7 ജാതകത്തിൽ ചന്ദ്രനും ചൊവ്വയും ഓരോ രാശിയിൽ നിന്നാലും ചൊവ്വാ ദോഷം ബാധിക്കില്ല.

വിവാഹം എന്നു നടക്കും
പലപ്പോഴും ഈ Blog-ലൂടെ തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ജാതകത്തിൽ ലഗ്നത്തിൽ ഏഴാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹം അവിടേയ്ക്ക് ദൃഷ്ടി ചെയ്യുന്ന എഴാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം നില്ക്കുന്ന രാശി തുടങ്ങിയ കണക്കിലെടുത്താണ് ജാതകൻ്റെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്.

സാങ്കേതികം
മുകളിൽ സൂചിപ്പിച്ചിട്ടുള്ളത് ജ്യോതിഷ പരമായ കാര്യങ്ങൾ മാത്രം. ബാക്കിയുള്ളത് ജാതകൻ്റെ സാങ്കേതികപരമായ കാര്യങ്ങൾ ആണ്. ഉദാഹരണമായി ജോലി, വിദ്യാഭ്യാസം, സ്വഭാവം ........ തുടങ്ങിയ കാര്യങ്ങൾ കൂടാതെ ദൈവാനുഗ്രഹവും.

അപഹാര കാലത്ത് വിവാഹം നടക്കും
ജാതകത്തിൽ ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹം ഏഴാം ഭാവാധിപനായ ഗ്രഹം ഏഴാം ഭാവാധിപൻ നില്ക്കുന്ന രാശിയുടെ അധിപനായ ഗ്രഹം ശുക്രൻ ചന്ദ്രൻ ഇവയിൽ ബലമുള്ള ഗ്രഹത്തിൻ്റെ ദശയിലോ അല്ലെങ്കിൽ മറ്റുള്ളവയുടെ അപഹാരത്തിലോ വിവാഹം നടക്കും.

രാഹുവിൻ്റെ അപഹാര കാലത്തിലെ വിവാഹം
രാഹുവിൻ്റെ ദശാപഹാരങ്ങളിലും വിവാഹം നടക്കാം. വിവാഹത്തിന് ആശയുണ്ടാക്കുന്ന ഗ്രഹമാണ് രാഹു. സ്ത്രീ പുരുഷന്മാരെ കൂട്ടിയിണക്കുന്നതിൽ രാഹുവിനെ  പോലെ കഴിവ് മറ്റൊരു ഗ്രഹത്തിനില്ല. ഏഴിലോ ഇഷ്ട ഭാവത്തിലോ രാഹു നിന്നാൽ വിവാഹം നടക്കും.

ദശാപഹാര കാലങ്ങളിൽ വിവാഹം നടക്കും
ഏഴിൽ നില്ക്കുന്ന ഗ്രഹം ഏഴിലേയ്ക്ക് വീക്ഷിക്കുന്ന ഗ്രഹം ഏഴാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ശുക്രൻ ,ചന്ദ്രൻ ഇവയുടെ ദശാപഹാര കാലങ്ങളിൽ വിവാഹം നടക്കും.

ലഗ്നം ഏഴാം ഭാവത്തിൽ
ജാതകത്തിൻ്റെ ലഗ്നം ഏഴാം ഭാവം ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശി അതിൻ്റെ ഏഴാം രാശി അഞ്ച്, ഒൻപത് ഈ രാശികൾ ഇതിൽ ഏതെങ്കിലും ഒരു രാശിയിൽ ലഗ്നാധിപനോ, ചന്ദ്ര ലഗ്നാധിപനോ, ശുക്രനോ, ഏഴാം ദാവാധിപനോ ചാരവശാൽ സഞ്ചരിക്കുന്ന കാലത്ത് വിവാഹം നടക്കുന്നതാണ്.

ശുക്രനോട് യോഗം ചെയ്ത്
ശുക്രനോട് യോഗം ചെയ്തു നിൽക്കുന്ന ഏഴാം ഭാവത്തിൻ്റെ അധിപനായ ഗ്രഹത്തിൻ്റെ ദശാപഹാര കാലങ്ങളിലോ രണ്ടാം ഭാവാധിപൻ നില്ക്കുന്ന രാശിയുടെ അധിപൻ്റെ ദശാപഹാര കാലങ്ങളിലോ വിവാഹം നടക്കാം.