ബുധൻ
ജ്യോതിഷത്തിൽ വിദ്യകാരകനെന്നറിയപ്പെടുന്ന ബുധൻ വിദ്യ കൊണ്ട് മനുഷ്യ ജീവിതം സമ്പന്നമാക്കുന്നു. ഏതുതരം വിദ്യയും ബുധൻ്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഉന്നതയിലെത്തിച്ചേരും.

സുര്യനു താഴെ
സൂര്യനു താഴെ ഏറ്റവും അടുത്തുള്ള ഗ്രഹം ബുധനാണ്.

സൂര്യനിൽ നിന്നുള്ള അകലം
സൂര്യനിൽ നിന്നും ശരാശരി മൂന്നു കോടി അറുപതുലക്ഷം (36000000) മൈൽ അകലത്തിൽ ബുധൻ സ്ഥിതി ചെയ്യുന്നു. ചൊവ്വയേക്കാൾ ചെറിയ ഗ്രഹമാണ് ബുധൻ. ബുധൻ്റെ വ്യാസം ഏതാണ്ട് 3100 മൈൽ വരും ബുധനിൽ വായുവും വെള്ളവുമില്ല.

സൗരയുഥം
സൂര്യനും അതിനെ ചുറ്റി സഞ്ചരിക്കുന്ന ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ചേർന്നതാണ് സൗരയുഥം.

നവഗ്രഹങ്ങൾ 
1 സൂര്യൻ, 2 ചന്ദ്രൻ,  3 കുജൻ, 4 ബുധൻ, 5 വ്യാഴം, 6 ശുക്രൻ,7 ശനി ,8 രാഹു ,
9  കേതു.

ബുധൻ്റെ ഗ്രഹ സഞ്ചാര സമയം
ബുധനും സ്വയം കറങ്ങിക്കൊണ്ട് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമാണ്. അതിൻ്റെ പ്രദക്ഷിണ വഴിയും മറ്റുള്ള ഗ്രഹങ്ങളുടേതു പോലെ മേലുകിഴായിട്ടു തന്നെയാണ്.

ദിവസങ്ങൾ
ബുധന് തൻ്റെ സഞ്ചാരപഥത്തിൽ കൂടി സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതിന് നമ്മുടെ ദിവസക്കണക്കിനു 88 ദിവസങ്ങൾ വേണം. ഒരു മിനിറ്റിൽ 1782 മൈൽ വേഗതയിൽ അത് സഞ്ചരിക്കുന്നു.സഞ്ചാരത്തിനിടയിൽ  അത് സ്വയം ഭ്രമണം ചെയ്യുന്നുമുണ്ട്.

സൂര്യോദയം
ഒരു തവണ ബുധൻ സ്വയം ഒന്നു കറങ്ങിക്കഴിയുമ്പോൾ സൂര്യനു ചുറ്റുമുള്ള ഒരു പ്രദക്ഷിണവും ബുധൻ പൂർത്തിയാക്കുന്നു. ആ നിലയിൽ ബുധൻ്റെ ഒരു ദിവസവും ഒരു വർഷവും ഒന്നാണ്.തന്മൂലം ബുധഗോളത്തിൽ സൂര്യോദയമോ സൂര്യസ്തമയമോ ഇല്ല.

എന്നും ഇരുട്ട്
ബുധ ഗ്രഹത്തിൻ്റെ ഒരു വശം എന്നും ഇരുട്ടും, മറുവശം ( സൂര്യാഭിമുഖമായ വശം) എന്നും പകലുമാണ്. സൂര്യാഭിമുഖമായ വശത്ത് അത്യുഗ്രമായ ചൂടും മറുവശത്ത് അത്യുഗ്രമായ തണുപ്പും സദാ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഭൂമിയിൽ കാണുന്നത്
ബുധ ഗ്രഹത്തിൻ്റെ അന്ധകാരമയമായ ഭാഗമായിരിക്കും ഭൂമിയിൽ മിക്കവാറും ദൃശ്യമാകുന്നത് .ബുധൻ്റെ സഞ്ചാരപഥം സൂര്യ സ്ഥിത രാശിയോ
തൊട്ടടുത്തുള്ള രാശിയേയോ മാത്രം സ്പർശിക്കത്തക്കവിധം വളരെ ഹ്രസ്വമായിരിക്കും.

ബുധ ഗ്രഹത്തിൻ്റെ നിൽപ്പ്
ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യൻ നിൽക്കുന്ന രാശിയിലോ തൊട്ടടുത്ത രാശിയിലോ മാത്രമായിരിക്കും ബുധൻ്റെ നിൽപ് , ആയതിനാൽ ഒരു രാശിയിൽ ബുധൻ നില്ക്കുന്ന കാലയളവ് സൂര്യൻ്റേതു പോലെ ശരാശരി ഒരു മാസമാണ്. സൂര്യനോട് ഏറ്റവും അടുത്തു നില്ക്കുകയും അതിൻ്റെ ഗ്രഹപഥം വളരെ ഹ്രസ്വമായിരിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ജ്യോതിശാസ്ത്രപരമായി പറയുകയാണെങ്കിൽ സൂര്യൻ നിലക്കുന്ന രാശിയിലോ അല്ലെങ്കിൽ തൊട്ടടുത്ത രാശിയിലോ മാത്രം ബുധസ്ഥിതി സംഭവിക്കുന്നത് .

ഗ്രഹനിലയിൽ
ഗ്രഹനിലയിൽ ''ബു" എന്ന അക്ഷര കൊണ്ടാണ് ബുധനെ സൂചിപ്പിക്കുന്നത്ബധന് . സൗമ്യൻ, പ്രഭാസുതൻ, ചാന്ദ്രി,എന്നീ പേരുകളിലും ബുധൻ അറിയപ്പെടുന്നു.

ദശാസന്ധി
ആയില്യം, തൃക്കേട്ട, രേവതി, എന്നീ മൂന്നു നക്ഷത്രങ്ങളിൽ ജനിക്കുന്നവർക്ക് ജന്മനാ പതിനേഴ് വർഷം (17) ബുധ ദശാസന്ധിയായിരിക്കും.

ബുധ ദശകാലം 17 വർഷം
ബുധ ദശകാലം പൊതുവെ ഗുണാനുഭവങ്ങൾ നല്കുന്ന ഒരു ദശയാണ്. വിദ്യാഗുണം ,ധനലാഭം, വിദ്യാന്മാരുടെ അഭിനന്ദനം ഉദ്യോഗലബ്ദി, കീർത്തി,സാഹിത്യ പ്രവർത്തനം, ഭാഗ്യാഭിവൃദ്ധി, ഗൃഹനിർമ്മാണം, ഭൂമി ലാഭം, ഇത്യാദികൾ ബുധ ദശയിൽ സംഭവിക്കാവുന്നതാണ്. ബുധൻ ബലവാനായാൽ ഫലവും ഉയർന്നതായിരിക്കും, ബുധൻ ജാതകത്തിൽ ബലഹീനനായാൽ പലതരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും.

സർവ്വ കാര്യവിജയം
ജാതകൻ്റെ പത്താം ഭാവത്തിൽ നിൽക്കുന്ന ബുധൻ്റെ ദശയിൽ നമ്മൾ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടവും
കാര്യവിജയവും ഉണ്ടാകും, ഉന്നത പദവി, കീർത്തി, അംഗീകാരം, സാഹിത്യാദികളിൽ ഉയർച്ച,ഭാര്യാ പുത്രാദികളെക്കൊണ്ടുള്ള സുഖം, കൃഷി ലാഭം, ദ്രവ്യ ലാഭം, ഇവ ലഭിക്കുന്നതാണ് .

പതിനൊന്നാം ഭാവത്തിൽ നില്ക്കുന്ന ബുധൻ
പതിനൊന്നാമിടത്തു നിൽക്കുന്ന ബുധൻ്റെ ദശയിൽ ഉദ്യോഗത്തിൽ കൂടിയോ അല്ലെങ്കിൽ മറ്റു വല്ലവരും സംഭാവന ചെയ്ത വഴിയോ ധനലാഭം സിദ്ധിക്കും,കൃഷി വ്യവസായദികളിൽ കൂടിയോ കച്ചവടം വഴിയോ ധനലാഭം ഉണ്ടാകുമെന്നും പറയാം. ഏതു വിധത്തിലും ദ്രവ്യ ലാഭം കിട്ടുന്ന കാലമായിരിക്കും അത്.

പന്ത്രണ്ടാം ഭാവം
പന്ത്രണ്ടാം ഭാവത്തിൽ നില്ക്കുന്ന ബുധൻ്റെ ദശയിൽ മനക്ലേശം, സ്ഥാനഭ്രംശം, കളത്രപുത്രാദി, സുഖഹാനി, മരണഭീതി, ഇത്യാദി ഫലം.

അഷ്ടമം
പൊതുവെ എടുത്തു പറയേണ്ട ഒരു കാര്യമാണ് ജാതകത്തിൽ അഷ്ടമഭാവത്തിൽ നില്ക്കുന്ന ജാതകൻ്റെ അവസ്ഥ . അഷ്ടമത്തിൽ നില്ക്കുന്ന ബുധൻ്റെ ദശാസന്ധിയിലെ അപഹാര കാലത്ത് കുടുബ സംബന്ധമായ പല നാശങ്ങളും സംഭവിക്കും. കുടുബംവിട്ട് വിദേശത്തു സഞ്ചരിക്കും, ആ കാലയളവിൽ അവിവാഹിതനാണെങ്കിൽ വിവാഹം നടക്കും, ജോലി സംബന്ധമായ പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടി വരും.എന്നാൽ ബുധൻ ലഗ്നാധി പനാണെങ്കിൽ മേൽ പറഞ്ഞ ദോഷഫലങ്ങൾ ഒന്നും തന്നെ സംഭവിക്കുകയില്ല.ഐശ്വര്യവും ,വിദ്യാ വിജയവും ,ഔന്നത്യവും സിദ്ധിക്കും എന്നാൽ താനുണ്ടാക്കിയ കുറെ സ്വത്തുക്കൾ നഷ്ടപ്പെടും, ശാരീരികമായി രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കും.

അപഹാര കാലങ്ങൾ
ഒരോ ഗ്രഹങ്ങളുടെ ദശാസന്ധി കാലയളവിലും ,നവഗ്രഹങ്ങളുടെയെല്ലാം അപഹാര കാലങ്ങൾ വരുന്നുണ്ട്, അവ ക്രമമായി താഴെ ചേർക്കുന്നു. ബുധ ദശാസന്ധി 17 വർഷം,
ബുധ ദശാസന്ധിയിലെ സ്വപഹാരം (2 വർഷം 4 മാസം 22 ദിവസം) ഈ കാലയളവ് പൊതുവെ നല്ലതാണ്. വിദ്യാന്മാരുമായി സഹവാസം, ബുദ്ധിപരമായ പ്രവർത്തികളിൽ ഏർപ്പെടുകയും അത് മൂലം അംഗീകാരം ലഭിക്കുകയും ചെയ്യുന്നു.സാഹിത്യാഭി പ്രവർത്തനങ്ങളിൽ പ്രശസ്തി, ധനലാഭം, ഇവ ഫലങ്ങളാകുന്നു.

കേത്വാപഹാരം
കേത്വാപഹാരം (11 മാസം 27 ദിവസം) കലഹം, മനോ ദു:ഖം ,ഭൂമി നാശം, ദ്രവ്യ നാശം, കോടതി കേസുകൾ ഇവ ഫലം. ഈ കാലയളവ് പൊതുവെ ദോഷകരമാണ്. 

ശുക്രാപഹാരം
ശുക്രാപഹാരം (2 വർഷം 10 മാസം) സല്ക്കർമ്മങ്ങൾ ചെയ്യാനുള്ള അവസരം, എല്ലാ പ്രവർത്തികളിലും കർമ്മ മേഖലയിലും വിജയം, വിവാഹതടസം മാറി ഈ കാലയളവിൽ വിവാഹം നടക്കും.

ആദിത്യാപഹാരം
ആദിത്യാപഹാരം (10 മാസം 6 ദിവസം) പലവിധ സമ്മാനങ്ങൾ ലഭിക്കുക, സല്ക്കാരങ്ങളിൽ .പങ്കുകൊള്ളുക, വാഹന ലാഭം, ധനലാഭം, ഇത്യാദി ഫലങ്ങൾ, ഉദ്യോഗ ലാഭവും പ്രതീക്ഷിക്കാം .ആ കാലത്തു ഉദ്യോഗമുള്ളവർക്ക് അഭ്യുന്നതിക്ക് അവസരമുണ്ട്.

ചന്ദ്രാപഹാരം
ചന്ദ്രാപഹാരം (1 വർഷം 5 മാസം) പലവിധത്തിലുള്ള ദേഹാസ്വാസ്ഥ്യങ്ങൾ ആ കാലത്തുണ്ടായിക്കൊണ്ടിരിക്കും. നേത്ര സംബന്ധമായ രോഗങ്ങൾ അലട്ടും.

കുജാപഹാരം
കുജാപഹാരം (11 മാസം 27 ദിവസം) നേത്ര സംബന്ധമായ രോഗം മനോദുഃഖം, സ്ഥാന ഭ്രംശം ,ഇത്യാദി ദോഷഫലങ്ങളും, രാഷ്ട്രിയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പദവി, കീർത്തി, ഇത്യാദി ഗുണഫലങ്ങളും സിദ്ധിക്കും.

രാഹുഅപഹാരം
രാഹുഅപഹാരം (2 വർഷം 6 മാസം 18 ദിവസം) മാനഹാനി, ധനനഷ്ടം, കോടതി കേസുകളിൽ പരാജയം, വിഷബാധ, അഗ്നിബാധ, ഇത്യാദി ദോഷഫലങ്ങളും, വിദ്യാഗുണം, ധന ലാഭം ഇത്യാദി ഗുണഫലങ്ങളും സിദ്ധിക്കും.

വ്യാഴാപഹാരം
വ്യാഴപഹാരം (2 വർഷം 3 മാസം 6 ദിവസം) രോഗങ്ങളാലുള്ള ബുദ്ധിമുട്ടുകൾക്ക് ശമനം, ശത്രു ജയം എല്ലാ കാര്യങ്ങളിലും വിജയം, ധനലാഭം ഈ കാലയളവ് പൊതുവെ ഗുണഫലങ്ങൾ മാത്രം നിറഞ്ഞതാണ്.

ശനിയുടെ അപഹാരം
ശനിയുടെ അപഹാരം (2 വർഷം 8 മാസം 9 ദിവസം) പൊതുദോഷകരമായ ഈ കാലയളവിൽ ധനത്തിനും ധർമ്മത്തിനും ഹാനി സംഭവിക്കും. രോഗാവസ്ഥതകൾ അലട്ടിക്കൊണ്ടേയിരിക്കും ,എഴുത്തു സംബന്ധമായ ജോലിയിൽ ഈ കാലയളവിൽ ശോഭിക്കും.

പരിഹാരം
ശനിയാഴ്ച വ്രതമെടുത്ത് ശിവക്ഷേത്രത്തിൽ കൂവളത്തില മാല സമർപ്പിക്കുകയും ചെയ്യുക ,ശിവ പഞ്ചാക്ഷരി മന്ത്രമായ 
"ഓം നമഃ ശിവായ " സദാ നാവിൽ ഉരുവിടുക.