യോഗങ്ങൾ
ജാതക നിരൂപണത്തിൽ യോഗങ്ങൾക്കും ഫലങ്ങൾക്കും പ്രത്യേക പ്രാധാന്യമാണുള്ളത് .ചില ഭാവങ്ങളിൽ ചില ഗ്രഹങ്ങൾ പ്രത്യേക ബന്ധുഭാവ ബലത്തോടെ നിലകൊണ്ടാൽ ജാതകന് പ്രത്യേക ഫലാനുഭവങ്ങൾ ഉണ്ടാകും. ഇതിനെയാണ് യോഗഫലം എന്നു പറയുന്നത്.

പൊതുവിൽ നല്ല ജാതകമാണെങ്കിലും
പൊതുവിൽ നല്ല ജാതകമാണെങ്കിലും ചീത്ത യോഗ ഫലമുണ്ടെങ്കിൽ ദോഷാനുഭവങ്ങൾ ജീവിതത്തിൽ ഏറിയിരിക്കും. അതുപോലെ ഒറ്റ നോട്ടത്തിൽ വളരെ മോശ ജാതകൻ യോഗ ഫലത്താൽ ഉത്കൃഷ്ട ഫലം അനുഭവിക്കാറുണ്ട് .സാധാരണയായി നാൽപ്പത് വയസ്സിന് മുകളിലാണ് യോഗ ഫലങ്ങൾ അനുഭവിക്കാറ് .

എന്താണ് ഭൂനാഥയോഗം?
ജാതകത്തിൽ ഭൂനാഥയോഗമുള്ള ജാതകൻ വലിയ ഭൂസ്വത്തിന് ഉടമയായി തീരും എന്നതാണ് ഈ യോഗത്തിൻ്റെ പ്രത്യേകത. മറ്റൊന്നുമില്ലെങ്കിലും ജാതകൻ വലിയ ഭൂമിയുടെ ഉടമയായി തീരും .

നാലാം ഭാവാധിപൻ
ജാതകൻ്റെ ഗ്രഹനിലയിൽ നാലാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ഉച്ച ക്ഷേത്രം പ്രാപിച്ചു നില്ക്കുകയും അവിടെ ലഗ്ന ക്ഷേത്രത്തിൻ്റെ യോഗമോ ദൃഷ്ടിയോ ഉണ്ടാകുകയും ചെയ്താൽ ജാതകൻ വമ്പിച്ച ഭൂസ്വത്തിൻ്റെ ഉടമസ്ഥനായി തീരും.

ഗുരുവോ ശുക്രനോ
ജാതകൻ്റെ ഗ്രഹനിലയിൽ ലഗ്നാധിപനായ ഗ്രഹം നാലാം ഭാവത്തെ വീക്ഷിക്കുകയും നാലാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ശുക്രനായിരിക്കുകയും ആ ശുക്ര ഗ്രഹത്തെ കുജൻ വീക്ഷിക്കുകയും മേൽ പറഞ്ഞിരിക്കുന്ന നാലാം ഭാവത്തെ ഏതെങ്കിലും ഒരു ശുഭ ഗ്രഹം വീക്ഷിക്കുകയും ചെയ്താൽ ഭൂനാഥയോഗം ഭവിക്കും.

പത്താം ഭാവത്തിൽ
ജാതകൻ്റെ കർമ്മമേഖലയായ പത്താം ഭാവം വ്യാഴ ഗ്രഹം സ്വക്ഷേത്ര ബലവാനായി വരികയും അവിടെ ശനിയുടെ യോഗം ഉണ്ടാകുകയും ചെയ്താൽ ഭൂനാഥ യോഗം ഭവിക്കും.

നാലാം ഭാവത്തിൽ കുജൻ ഉച്ചസ്ഥിതി
ജാതകൻ്റെ നാലാം ഭാവത്തിൽ കുജൻ ഉച്ച സ്ഥിതിയോ സ്വക്ഷേത്ര സ്ഥിതിയോ പ്രാപിച്ചു നില്ക്കുകയും വ്യാഴ ഗ്രഹം ശനി യോഗം ചെയ്ത് ഏതെങ്കിലും ഇഷ്ട ഭാവത്തിൽ നില്ക്കുകയും നീചമോ ശത്രുക്ഷേത്ര സ്ഥിതിയോ കൂടാതെ ശുക്രൻ പത്താം ഭാവത്തിലും കുജൻ നാലാം ഭാവത്തിലും നിൽക്കുകയും  ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നിൽക്കുന്ന കുജനെ വ്യാഴ ഗ്രഹം വീക്ഷിക്കുക തുടങ്ങിയ മുകളിൽ പറഞ്ഞിരിക്കുന്ന ഒരു യോഗം ജാതകന് ഉണ്ടായാൽ ജാതകൻ ധാരാളം ഭൂസ്വത്തിനുടമയാകും.

എന്താണ് വാഹന യോഗം?
ജാതകൻ്റെ ജാതകത്തിൽ വാഹനയോഗം ഉണ്ടെങ്കിൽ  ജാതകൻ അനേക വാഹനങ്ങളുടെ ഉടമസ്ഥൻ ആയിരിക്കും എന്നതാണ് വാഹന യോഗത്തിൻ്റെ പ്രത്യേകത.

ഗ്രഹനിലയിൽ വാഹനയോഗം എങ്ങനെ അറിയാം?
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ രണ്ടാം ഭാവത്തിൻ്റെ അധിപനും ലഗ്നത്തിൻ്റെ അധിപനും നാലാം ഭാവത്തിൻ്റെ അധിപനും സ്വക്ഷേത്രങ്ങളിൽ നില്ക്കുകയും ഒൻപതാം ഭാവത്തിൻ്റെ അധിപൻ  ലഗ്നത്തിൽ നില്ക്കുകയും ചെയ്താൽ അനേകം വാഹനങ്ങളുടെ ഉടമസ്ഥനായി ജാതകൻ മാറുന്നതാണ്.

കേന്ദ്ര ഭാവങ്ങളിൽ
ജാതകൻ്റെ ഗ്രഹനിലയിൽ  വ്യാഴ ഗ്രഹവും ശുക്ര ഗ്രഹവും നാലാം ഭാവത്തിൻ്റെ അധിപനോടു കൂടി  കേന്ദ്ര ഭാവങ്ങളായ  നാല്, ഏഴ്, പത്ത് ഈ ഭാവങ്ങളിലോ ത്രികോണ ഭാവങ്ങളിലോ  പതിനൊന്നാം ഭാവത്തിലോ നിന്നാലും ഗ്രഹനിലയിൽ ഒൻപതാം ഭാവാധിപൻ ഗുരു ശുക്രൻ എന്നീ ഗ്രഹങ്ങളോട് യോഗം ചെയ്ത്  ഒൻപതാം ഭാവത്തിലോ നാലാം ഭാവത്തിലോ നിന്നാലും ജാതകൻ അനേകം വാഹനങ്ങളുടെ ഉടമസ്ഥനായും രാജ തുല്യനായും ഭവിക്കും.

ലക്ഷ്മീയോഗം
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ഭാഗ്യാധിപൻ (ഒൻപതാം ഭാവത്തിൻ്റെ അധിപൻ ) മൂല ത്രികോണ രാശികളിലോ ഉച്ച ക്ഷേത്രത്തിലോ നിൽക്കുകയും അധിപൻ നില്ക്കുന്ന ആ രാശി  ലഗ്നത്തിൻ്റെ കേന്ദ്ര രാശികളിൽ ഏതെങ്കിലും ഒന്നാവുകയും ലഗ്ന രാശിയുടെ അധിപൻ ബലവാനായിരിക്കുകയും ചെയ്താൽ ലക്ഷ്മി യോഗം ജാതകന് അനുഭവത്തിൽ വരുന്നതാണ്.  ലക്ഷ്മീ യോഗത്തിൽ ജനിക്കുന്ന ജാതകൻ  ഏറ്റവും ഭാഗ്യമുള്ളവനും ഏറ്റവും സൽഗുണവാനായും  അനവധി ഭൂമിയുടെയും  കെട്ടിടങ്ങളുടെയും ഉടമസ്ഥനായും  ഉയർന്ന പദവിയോടു കൂടി എല്ലാവരാലും മാനിക്കപ്പെടുന്നവനായും കീർത്തിമാനായും നല്ല കളത്രപുത്രാദികളോടും കൂടിയവനായും ഭവിക്കും.

മഹാഭാഗ്യ യോഗം
ജാതകൻ്റെ ഗ്രഹനിലയിൽ ആദിത്യനും ചന്ദ്രനും ഇവർ രണ്ടു പേരും ഓജ രാശികളിൽ നില്ക്കുകയും  ജാതകൻ്റെ ലഗ്നം ഓജ രാശിയാകുകയും ചെയ്യുകയും  ജനിക്കുന്ന കുട്ടി ആൺ കുട്ടിയായിരിക്കുകയും ജനിക്കുന്ന കുട്ടിയുടെ ജനനം പകലായിരിക്കണം. പെൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ ജനനം രാത്രിയായിരിക്കണം. ലഗ്നം യുഗ്മരാശിയായിരിക്കണം.  ഇങ്ങനെ സംഭവിച്ചാൽ അത്  മഹാഭാഗ്യ യോഗമാണ് .ജാതകൻ്റെ ജനനത്തോട് പല തരത്തിൽ ധനലാഭം കുടുംബത്തിൽ ഉണ്ടാകും. മഹാഭാഗ്യ യോഗത്തിൽ ജനിക്കുന്നവൻ എല്ലാവർക്കും ഇഷ്ടപെട്ടവനായിരിക്കും. ഐശ്വര്യാദിധനവിഭവങ്ങളോടും കൂടിയവനായും പ്രസിദ്ധനായും ഭവിക്കും.